പാലക്കാട്- കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് പരിശോധന ഫലം. അട്ടപ്പാടി ഷോളയൂർ വരഗമ്പാടി ഊരിലെ വെള്ളിങ്കിരിയുടെ മമകൻ കാർത്തിക് (23) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. ചികിൽസ തേടി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ എത്തിയിരുന്ന യുവാവിനെ വിദഗ്ധ ചികിൽസക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഏപ്രിൽ 28ന് കാൽനടയായി തമിഴ്‌നാട്ടിലേക്ക് പോയി അവിടെ ഒരു ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് പിറ്റേന്ന് മടങ്ങിയ ആളാണ് കാർത്തിക്.
കോയമ്പത്തൂർ പൂണ്ടിയിൽ ഒരു അടുത്ത ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ മറ്റ് ആറു പേർക്കൊപ്പം കാൽനടയായാണ് കാർത്തിക് പോയത്. കോവിഡ് 19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാട്ടിലൂടെയായിരുന്നു യാത്ര. പിറ്റേന്ന് തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് ക്വാറന്റൈനിൽ പ്രവേശിച്ചു. ബുധനാഴ്ച പനിയും വയറിളക്കവും ശാരീരികമായ മറ്റ് അസ്വസ്ഥതകളും മൂലം യുവാവ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിൽസ തേടി എത്തി. മരുന്ന് നൽകി വീട്ടിലേക്ക് മടക്കിയയച്ചു. പിറ്റേന്ന് അസുഖം ഭേദമാകാത്തതിനെത്തുടർന്ന് മറ്റ് രോഗികൾക്കൊപ്പമാണ് തുടർചികിൽസക്കായി ഇ.എം.എസ് ആശുപത്രിയിൽ എത്തിയത്. കോവിഡുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ സംശയിച്ച് അവിടെ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കാർത്തികിന്റെ മരണം കോവിഡ് 19 ബാധ മൂലമല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി.റീത്ത അറിയിച്ചു. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അവർ വ്യക്തമാക്കി. എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.