റോം - സാംദോറിയ ക്ലബ്ബിലെ നാല് കളിക്കാര്‍ക്കും, ഫിയറന്റീനയിലെ മൂന്നു കളിക്കാര്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. സാംദോറിയയിലെ ഒരു കളിക്കാരന് രണ്ടാം തവണയാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഈ കളിക്കാരെയും സ്റ്റാഫിനെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ടൂറിനോയുടെ ഒരു കളിക്കാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.
കളിക്കാര്‍ക്ക് ഒറ്റക്കൊറ്റക്ക് പരിശീലനം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ലീഗ് പുനാരംഭിക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് സമര്‍പ്പിച്ച മെഡിക്കല്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ തൃപ്തരല്ല. മെഡിക്കല്‍ കമ്മിറ്റിയും ഫെഡറേഷനും വീണ്ടും ചര്‍ച്ച നടത്തി. നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് അയച്ചു കൊടുത്തിരിക്കുകയാണ്. പൊതുജനം പരിശോധനക്കായി കാത്തുനില്‍ക്കവെ, കളിക്കാര്‍ക്ക് കൊറോണ പരിശോധനക്ക് മുന്‍ഗണന നല്‍കാമോ, കളി തുടങ്ങിയ ശേഷം ഏതെങ്കിലും കളിക്കാരന് കൊറോണ ബാധിച്ചാല്‍ എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങളിലാണ് വിയോജിപ്പ്. മുഴുവന്‍ കളിക്കാരെയും ക്വാറന്റൈനിലാക്കണോ അതോ രോഗം ബാധിച്ച കളിക്കാരനെ മാത്രം ക്വാറന്റൈനിലാക്കി കളി പുനരാരംഭിക്കാമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ 18 ന് ടീം ട്രയ്നിംഗ് തുടങ്ങാം. ഈ മാസാവസാനമോ ജൂണിലോ സീസണ് പുനരാരംഭിക്കണമെന്നാണ് ഉദ്ദേശ്യം. എങ്ങനെയും സീസണ് പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ ഇറ്റാലിയന്‍ ഫുട്ബോളിന്റെ മരണമായിരിക്കുമെന്നും ഫെഡറേഷന് പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിന പറഞ്ഞു.
സാംദോറിയ കളിക്കാരായ മനോലൊ ഗബിയാദിനി, മോര്ടന് തോസ്ബി, ആല്ബിന് എക്ദാല്‍, ഒമര്‍ കോലി, ആന്റോണിയൊ ലാ ഗുമിന എന്നീ അഞ്ച് കളിക്കാര്‍ക്കും ടീം ഡോക്ടര്‍ക്കും മാര്‍ച്ചില്‍ കൊറോണ ബാധിച്ചിരുന്നു. ഇപ്പോള്‍ ട്രയ്നിംഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക രോഗം കണ്ടെത്തിയത്. മാര്‍ച്ചില്‍ രോഗബാധിതനായ ഗോള്‍കീപ്പര്‍ മാര്‍ക്കൊ സ്പോര്ടിയേലൊ സുഖം പ്രാപിച്ചതായി അറ്റ്ലാന്റ് ക്ലബ് അറിയിച്ചു.
മാര്‍ച്ച് ഒമ്പതിന് ഇറ്റലിയില്‍ ലീഗ് നിര്‍ത്തിവെക്കുമ്പോള്‍ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയായിരുന്നു. ഇപ്പോഴത് മുപ്പതിനായിരിത്തിലെത്തി.
സീസണ് അവസാനിപ്പിച്ചതായി മൂന്നാം ഡിവിഷന് പ്രഖ്യാപിച്ചു. മോണ്‍, വിസന്‍സ, റെഗീന, കാര്‍പി ക്ലബ്ബുകള്‍ സീരീ ബി-യിലേക്ക് സ്ഥാനക്കയറ്റം നേടി. ഒരു ടീമിനെയും തരംതാഴ്ത്തിയിട്ടില്ല.