ജിദ്ദ- കോവിഡ് ദുരന്തകാലത്ത് പ്രവാസികള്‍ക്ക് ജിദ്ദ നവോദയ ആശ്വാസം പകര്‍ന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ നവോദയ വളണ്ടിയര്‍മാര്‍ അര്‍ഹരായവരുടെയിടത്തെല്ലാം സഹായവുമായി എത്തി. ഭക്ഷണവും മരുന്നും സ്വാന്ത്വന ചികിത്സയുമായി ജീവകാരുണ്യവിഭാഗം പൂര്‍ണ സജ്ജമാണ്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ വ്യവസ്ഥാപിതമായിട്ടാണ് എല്ലാ ടാസ്‌കുകളും സംഘടന പൂര്‍ത്തിയാക്കിയത്. പ്രാദേശിക ഏരിയാ കമ്മിറ്റികളുടെ കീഴില്‍ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരെ മുന്‍കൂട്ടി തയാറാക്കിയിരുന്നതായും നവോദയ ഭാരവാഹികള്‍ അറിയിച്ചു.
കൊറോണ രോഗബാധ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ, മരുന്ന് വിതരണം എളുപ്പത്തിലും ശാസ്ത്രീയമായ രീതിയിലും സംഘടന നടത്തിയതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷിബു തിരുവനന്തപുരം പറഞ്ഞു. ജിദ്ദ, മക്ക, മദീന, തായിഫ്, യാമ്പു, റാബിക്ക് തുടങ്ങി എല്ലാ സ്ഥലത്തുമുള്ള ഏരിയാ കമ്മിറ്റികള്‍ വഴി സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. ക്വാറന്റൈനില്‍ അകപ്പെട്ട മേഖലകളില്‍നിന്നും ഭക്ഷണത്തിനും മരുന്നിനുമായി ദിനേന ധാരാളം വിളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കുകളില്‍ എത്തുന്ന കോളുകളിലൂടെയാണ് ജീവകാരുണ്യ വിഭാഗം വേണ്ട സഹായങ്ങള്‍ നേരിട്ടെത്തിച്ചു നല്‍കുന്നത്.
തൊഴില്‍രംത്ത് പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കിടയിലും ക്രിയാത്മകമായ ഇടപെടലുകളാണ് സംഘടന നടത്തുന്നത്. ടാക്‌സി ഡ്രൈവര്‍മാര്‍, ബാര്‍ബര്‍മാര്‍ വര്‍ക് ഷോപ്പ് ജീവനക്കാര്‍, കമ്പനി തൊഴിലാളികള്‍ അടക്കം ആയിരക്കണക്കിന് പ്രവാസികളെ സഹായിക്കാന്‍ സംഘടനക്ക് കഴിഞ്ഞു. ഈ കാലയിളവില്‍ മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നവോദയ ഏറ്റെടുത്തു നടപ്പിലാക്കികൊണ്ടിരിക്കുന്നു. വിമാനയാത്രാ തടസ്സം നീങ്ങിയാലുടന്‍ അത് നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും ഷിബു തിരുവനന്തപുരം അറിയിച്ചു.