ദുബായ്- കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നസീര്‍ വാടാനപ്പള്ളി അടക്കമുള്ള മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആദരം. ദുബായ് പോലീസിനൊപ്പം മര്‍കസ് വളന്റിയറായി പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായരുന്ന മലപ്പുറം കോട്ടക്കല്‍ ആട്ടീരി സ്വദേശി മുഹ്‌യുദ്ദീന്‍ എടക്കകണ്ടിക്കും മറ്റ് നിരവധി പേര്‍ക്കും ഉപഹാരം ലഭിച്ചു.
സ്‌നേഹോപഹാരം നല്‍കാന്‍ അധികൃതര്‍ ഫോണ്‍ വിളിക്കുമ്പോള്‍ മുഹ്‌യുദ്ദീന്‍ ആട്ടീരി സന്നദ്ധ സേവനത്തിനിടെ കോവിഡ് ബാധിച്ച് അല്‍ വര്‍സാനില്‍ ക്വാറന്റീനിലായിരുന്നു. രോഗശാന്തി നേര്‍ന്ന ശേഷം സമ്മാനം താമസ സ്ഥലത്ത് എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഗവര്‍മെന്റും ആരോഗ്യവകുപ്പും നല്‍കുന്ന സേവനവും സൗകര്യങ്ങളും വളരെ മികച്ചതാണെന്നും രോഗബാധ ഏറ്റത് മുതല്‍ പിന്തുണയുമായും പ്രാര്‍ഥനയുമായും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നായിഫ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനിടെ കോവിഡ് ബാധിതനായ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി രോഗം ഭേദമായി വീണ്ടും കര്‍മരംഗത്തുണ്ട്.