റിയാദ് - എണ്ണയെ സൗദി അറേബ്യ ആയുധമെന്നോണം ഉപയോഗിക്കുന്നില്ലെന്ന് വാഷിംഗ്ടൺ സൗദി എംബസി വക്താവ് ഫഹദ് നാദിർ പറഞ്ഞു. സൗദി അറേബ്യ എണ്ണ നയം കൈകാര്യം ചെയ്യുന്ന രീതി ഇതല്ല. അമേരിക്കയുടെ താൽപര്യങ്ങൾക്ക് കോട്ടം തട്ടിക്കുന്നതിന് എണ്ണ വിലയിൽ സൗദി അറേബ്യ കൃത്രിമം കാണിക്കുകയായിരുന്നെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല.
എണ്ണ വരുമാനം സൗദി അറേബ്യക്ക് പ്രധാനമാണ്. അമേരിക്കയേക്കാൾ ഉപരി സൗദി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് എണ്ണ വരുമാനം. വളരെ കുറഞ്ഞ എണ്ണ വില സൗദി അറേബ്യക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ഇത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നാൽപതു വർഷമായി സൗദി അറേബ്യ പിന്തുടരുന്ന എണ്ണ നയം ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഊന്നലും വലിയ പ്രാധാന്യവും നൽകുന്നു. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും ഗുണകരമായ നിലക്ക് നീതിപൂർവകവും മിതവുമായ എണ്ണ വിലക്കു വേണ്ടി എക്കാലവും സൗദി അറേബ്യ പ്രവർത്തിച്ചിട്ടുണ്ട്.
എണ്ണ വിലയിടിച്ചിലുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടവുമായി സൗദി നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്. അമേരിക്കൻ കോൺഗ്രസിലെ നിരവധി അംഗങ്ങളുമായി അമേരിക്കയിലെ സൗദി അംബാസഡർ റീമ രാജകുമാരി അടുത്തിടെ ഫലപ്രദവും സൃഷ്ടിപരവുമായ ചർച്ചകൾ നടത്തിയിരുന്നു. ആഗോള എണ്ണ വിപണിയിൽ സ്ഥിരത വീണ്ടെടുക്കുന്നതിന് സാധ്യമായതെല്ലാം സൗദി അറേബ്യ ചെയ്യുന്നുണ്ട്. സ്ഥിതിഗതികളുടെ അപകടം മനസ്സിലാക്കി പ്രതിദിന ഉൽപാദനത്തിൽ 97 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്തുന്നതിനുള്ള ഒപെക് പ്ലസ് ഗ്രൂപ്പ് ചരിത്ര കരാറിന് രൂപം നൽകുന്നതിൽ സൗദി അറേബ്യ മുൻകൈയെടുത്തു.
സൗദി അറേബ്യയുടെ ഏറ്റവും വലിയ തന്ത്രപ്രധാന പങ്കാളിയും സഖ്യരാജ്യവും ലോകത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയുമാണ് അമേരിക്ക. അമേരിക്കൻ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമായ കാര്യങ്ങൾ സൗദി അറേബ്യ സമ്പദ്‌വ്യവസ്ഥക്കും പ്രയോജനപ്രദമാണ്. സ്വതന്ത്ര വ്യാപാരത്തെ സൗദി അറേബ്യ എക്കാലവും പിന്തുണക്കുന്നു. അമേരിക്ക അടക്കം ഒരു രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥകളെയോ മേഖലകളെയോ ലക്ഷ്യമിട്ടുള്ള ആക്രമണ രാഷ്ട്രീയ നയങ്ങളിൽ സൗദി അറേബ്യ മുഴുകാറില്ലെന്നും ഫഹദ് നാദിർ പറഞ്ഞു.
അതേസമയം, എണ്ണ യുദ്ധത്തിൽ സൗദി അറേബ്യ വിജയിച്ചതായി അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് പറഞ്ഞു. എണ്ണ വിലയിടിച്ചിൽ കാരണം ലോകത്തെ വൻകിട എണ്ണ കമ്പനികൾക്കെല്ലാം ഭീമമായ നഷ്ടം നേരിട്ടു. എണ്ണ വിലയിടിച്ചിൽ മൂലമുള്ള നഷ്ടം വിൽപന വർധിപ്പിച്ച് ഒരുപരിധി വരെ സൗദി അറാംകോ മറികടന്നു. മൊത്ത വരുമാനം ഉയർത്തുന്നതിന് സൗദി അറാംകോ വിപണി വിഹിതം വർധിപ്പിക്കുകയും കൂടുതൽ ഉപയോക്താക്കളെ നേടുകയും ചെയ്തു. ഇതേസമയം, മറ്റു രാജ്യങ്ങൾക്ക് തങ്ങളുടെ അടിസ്ഥാന വിപണി വിഹിതം നിലനിർത്താൻ സാധിച്ചതുമില്ല.
ചൈനീസ് എണ്ണ വിപണിയിൽ തങ്ങളുടെ വിഹിതം സൗദി അറേബ്യ ഇരട്ടിയാക്കി ഉയർത്തി. ഏപ്രിലിൽ ഇന്ത്യയിലേക്കും അമേരിക്കയിലേക്കുമുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ ഉയർത്തുകയും ചെയ്തു. കൊറോണ പ്രതിസന്ധിക്കിടെയും അമേരിക്കയിലേക്കുള്ള പ്രതിദിന കയറ്റുമതി പത്തു ലക്ഷം ബാരലായാണ് ഏപ്രിലിൽ സൗദി അറാംകോ ഉയർത്തിയത്. രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതാണിതെന്ന് ബ്ലൂംബെർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.