Sorry, you need to enable JavaScript to visit this website.

വേലക്കാരികൾക്ക് പുതിയ അഭയ  കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നു

റിയാദ് - സൗദിയിലെത്തിയ ശേഷം സ്‌പോൺസർമാർക്കു കീഴിൽ ജോലി ചെയ്യാൻ വിസമ്മതിക്കുകയും തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന വേലക്കാരികൾക്കും എയർപോർട്ടുകളിൽ നിന്ന് സ്‌പോൺസർമാർ സ്വീകരിക്കാൻ വൈകുന്ന വേലക്കാരികൾക്കും അഭയം നൽകുന്ന ചുമതല സ്വകാര്യ മേഖലയെ ഏൽപിക്കാൻ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു. ഉയർന്ന ഗുണമേന്മയുള്ള സേവനം പ്രൊഫഷനൽ രീതിയിൽ നൽകാനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. വേലക്കാരികൾക്കും സ്‌പോൺസർമാർക്കും റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും കമ്പനികൾക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് പുതിയ നീക്കത്തിലൂടെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ സൗദി അറേബ്യയുടെ പ്രതിഛായ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 


എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കാൻ തൊഴിലുടമകൾ കാലതാമസം വരുത്തുന്ന, പുതിയ വിസകളിൽ എത്തുന്ന വേലക്കാരികളെയും ഒളിച്ചോടുന്ന വേലക്കാരികളെയും ജോലിക്ക് വിസമ്മതിക്കുന്നവരെയും യാചന വിരുദ്ധ വിഭാഗത്തിനു കീഴിലെ ആസ്ഥാനങ്ങളിലാണ് നേരത്തേ പാർപ്പിച്ചിരുന്നത്. ഇത്തരം വേലക്കാരികളെ സ്വീകരിക്കുന്നതിന്റെ ചുമതല ഏറ്റെടുക്കാൻ കൂടുതൽ അനുയോജ്യം മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയമാണെന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് പരസ്പര ധാരണയിലെത്തുകയായിരുന്നു. 


തൊഴിൽ കരാർ പ്രകാരം ധാരണയിലെത്തിയതിന് വിരുദ്ധമായ ജോലികളും അപകടകരമായ ജോലികളും നിർവഹിക്കുന്നതിന് വേലക്കാരെ തൊഴിലുടമകൾ ചുമതലപ്പെടുത്താൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ധാരണ പ്രകാരമുള്ള വേതനം വേലക്കാർക്ക് ഓരോ അറബി മാസാവസാനം വിതരണം ചെയ്യൽ നിർബന്ധമാണ്. വേതനം പണമായോ ചെക്ക് ആയോ ആണ് കൈമാറേണ്ടത്. വേലക്കാർക്ക് അനുയോജ്യമായ താമസ സ്ഥലം ലഭ്യമാക്കലും ദിവസത്തിൽ ഒമ്പതു മണിക്കൂറിൽ കുറയാത്ത വിശ്രമം നൽകലും നിർബന്ധമാണ്. വേലക്കാരെ തൊഴിലുടമകൾ മറ്റുള്ളവർക്ക് കൈമാറാനോ സ്വന്തം നിലക്ക് ജോലി ചെയ്യുന്നതിന് അനുവദിക്കാനോ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 

Latest News