റിയാദ് - വിദേശ തൊഴിലാളിയെ അപമാനിക്കുകയും തെറിവിൡക്കുകയും ചെയ്ത സൗദി യുവാവിനെ ഹായിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹായിൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സ്വന്തം സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയെയാണ് നാൽപതുകാരൻ അപമാനിച്ചത്. നിയമ നടപടികൾക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി മുഴുവൻ നിയമാനുസൃത നടപടികളും പോലീസ് പൂർത്തിയാക്കിയതായി ഹായിൽ പോലീസ് വക്താവ് ലെഫ്. കേണൽ സാമി അൽശമ്മരി അറിയിച്ചു. ഏഷ്യൻ വംശജനായ അമുസ്‌ലിം തൊഴിലാളിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ സൗദി പൗരൻ തന്നെയാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
അമുസ്‌ലിം തൊഴിലാളിയെ സൗദി യുവാവ് അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്. ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണെന്ന് വാദിച്ചാണ് സൗദി പൗരൻ ഏഷ്യൻ തൊഴിലാളിയെ അപമാനിച്ചത്. അറബിയിലാണ് സൗദി പൗരൻ തൊഴിലാളിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തത്. എന്നാൽ അറബി അറിയാത്ത വിദേശ തൊഴിലാളിക്ക് സൗദി പൗരൻ എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വീഡിയോ ക്ലിപ്പിംഗിൽ വ്യക്തമായിരുന്നു.
എന്തു കാരണത്തിന്റെ പേരിലായാലും അഭിമാനത്തിന് ക്ഷതമേൽപിക്കൽ, നിയമാനുസൃത സ്വാതന്ത്ര്യങ്ങൾക്ക് ഭംഗം വരുത്തൽ പോലെ സൗദി പൗരൻമാരുടെയും വിദേശികളുടെയും അവകാശങ്ങൾക്ക് കോട്ടം തട്ടിക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വിശുദ്ധ റമദാനിൽ പകൽ സമയത്ത് ഭക്ഷണം കഴിച്ചതിനാണ് വിദേശ തൊഴിലാളിയെ സൗദി യുവാവ് അപമാനിച്ചത്. മനുഷ്യരുടെ മാനം സംരക്ഷിക്കാനും മറ്റുള്ളവരുടെ വിശ്വാസങ്ങളും മതങ്ങളും നിയമാനുസൃത സ്വാതന്ത്ര്യങ്ങളും മാനിക്കാനും സൗദി അറേബ്യയും ഗവൺമെന്റ് സ്ഥാപനങ്ങളും ഏജൻസികളും പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു. ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണെന്ന് വാദിച്ച് ഏഷ്യൻ വംശജനായ തൊഴിലാളിയെ അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്ത സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതിനെ മനുഷ്യാവകാശ കമ്മീഷൻ പ്രശംസിക്കുകയും ചെയ്തിരുന്നു.