മക്ക - രണ്ടു ടൺ സമ്മൂസ റോളുകളും കുനാഫയും മക്ക നഗരസഭക്കു കീഴിലെ അൽമആബിദ ബലദിയ പിടിച്ചെടുത്ത് നശിപ്പിച്ചു. വാദി ജലീലിൽ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതെ വിദേശികളാണ് മൊത്ത വിൽപന ആവശ്യാർഥം വൻതോതിൽ സമ്മൂസ റോളുകളും കുനാഫയും നിർമിച്ചിരുന്നത്. ശുചീകരണ നിലവാരം മോശമായ അനധികൃത സ്ഥാപനം നഗരസഭാധികൃതർ അടപ്പിച്ചതായി അൽമആബിദ ബലദിയ മേധാവി എൻജിനീയർ യാസിർ മക്കാവി പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, മക്ക നഗരസഭക്കു കീഴിലെ അൽഉംറ ബലദിയ 11 ടൺ ഈത്തപ്പഴം പിടിച്ചെടുത്തു. പാക്കിംഗ്, വിതരണ ചുമതലയുള്ള കമ്പനിയുടെ പേരുവിവരങ്ങളും ഉപയോഗ കാലാവധിയും രേഖപ്പെടുത്താത്ത ഈത്തപ്പഴ പാക്കറ്റ് ശേഖരമാണ് നഗരസഭാധികൃതർ പിടിച്ചെടുത്തത്. ഈത്തപ്പഴ പാക്കറ്റുകൾ മൊത്ത വിതരണം ചെയ്യുന്നതിന് ശ്രമിച്ച രണ്ടു വാഹനങ്ങളാണ് നഗരസഭാധികൃതർ ആദ്യം കണ്ടെത്തിയത്. ഈത്തപ്പഴ പാക്കറ്റുകളുടെ ഉറവിടങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അനധികൃത പാക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. ആരോഗ്യ, ശുചീകരണ വ്യവസ്ഥകൾ പാലിക്കാതെയാണ് ഇവിടങ്ങളിൽ ഈത്തപ്പഴം പാക്ക് ചെയ്തിരുന്നത്. ഇവിടെ കണ്ടെത്തിയ 11,360 കിലോ ഈത്തപ്പഴം അധികൃതർ പിടിച്ചെടുത്തു. കാലാവധി തീർന്ന 600 കിലോയോളം ഭക്ഷ്യവസ്തുക്കൾ മക്ക നഗരസഭക്കു കീഴിലെ മിസ്ഫല ബലദിയയും പിടിച്ചെടുത്ത് നശിപ്പിച്ചു. വിദേശി ഓടിച്ച ലോറിയിലാണ് കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.