ജിദ്ദ - നഗരത്തിൽ പ്രവർത്തിക്കുന്ന അഞ്ചു സൂപ്പർ മാർക്കറ്റുകളും നാലു റസ്റ്റോറന്റുകളും ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ബന്ധപ്പെട്ട വകുപ്പുകൾ അടപ്പിച്ചു. കൊറോണ ബാധിച്ചവരുമായി ഈ സ്ഥാപനങ്ങളിലെ തൊഴിലാളികൾ അടുത്ത സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. അഞ്ചു ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടപ്പിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സ്ഥാപനങ്ങൾ പൂർണമായും അണുവിമുക്തമാക്കാനും വിൽപനക്ക് പ്രദർശിപ്പിച്ച, കേടാകാൻ ഇടയുള്ള ഭക്ഷ്യവസ്തുക്കളും തുറന്നുകിടക്കുന്ന ഭക്ഷ്യവസ്തുക്കളും സ്ഥാപനത്തിനകത്ത് തയാറാക്കിയ ഭക്ഷണങ്ങളും നശിപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റിയുടെയും നഗരസഭാ പ്രതിനിധിയുടെയും പങ്കാളിത്തത്തോടെ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ അണുവിമുക്തമാക്കാനും നിർദേശമുണ്ട്.
അഞ്ചു ദിവസത്തിനു ശേഷം സ്ഥാപനങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. രോഗികളുമായി സമ്പർക്കം പുലർത്തിയതിന് ക്വാറന്റൈനിലാക്കിയ തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കില്ല എന്നതിന് ഉടമകളോട് രേഖാമൂലം ഉറപ്പു വാങ്ങിയാണ് സ്ഥാപനങ്ങൾ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കുക. കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വ്യവസ്ഥകൾ നടപ്പാക്കാത്തതിന് ജിദ്ദയിൽ മൂന്നു സൂഖുകളും രണ്ടു വ്യാപാര കേന്ദ്രങ്ങളും കഴിഞ്ഞ ദിവസം നഗരസഭ അടപ്പിച്ചിരുന്നു.
വ്യാപാര കേന്ദ്രങ്ങളിലും സൂഖുകളിലും ജീവനക്കാരുടെയും ഉപയോക്തക്കളുടെയും ശരീര താപനില പരിശോധിക്കണമെന്നും ഐസൊലേഷൻ മുറികൾ സജ്ജീകരിക്കണമെന്നും അണുനശീകരണികളും കൈയുറകളും മാസ്‌കുകളും ലഭ്യമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു. ഓരോ അമ്പതു ചതുരക്ര മീറ്റർ വിസ്തീർണത്തിനും ഒരു അണുനശീകരണി ബോട്ടിൽ വീതം സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. പത്തു ചതുരക്ര മീറ്റർ വിസ്തീർണത്തിന് ഒരു ഉപയോക്താവ് എന്ന തോതിൽ ഷോപ്പിംഗ് മാളുകളിലേക്കും വ്യാപാര കേന്ദ്രങ്ങളിലേക്കും ഉപയോക്താക്കളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും നിബന്ധനയുണ്ട്.
അതേസമയം, കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ ലംഘിച്ചതിന് റിയാദിൽ നാലു ദിവസത്തിനിടെ 68 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടപ്പിച്ചു. സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന തുക പിഴ ചുമത്തിയിട്ടുമുണ്ട്. കൂടുതൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപന ഉടമകൾക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും റിയാദ് നഗരസഭ വ്യക്തമാക്കി.