തിരുവനന്തപുരം- ലോക്ഡൗണിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഖഢ് തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ പൗരൻമാരെ തിരികെ അതത് സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ കാണിക്കുന്ന ആത്മാർത്ഥതയും ജാഗ്രതയും കേരള സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
വിദ്യാർത്ഥികൾ, ജോലി തേടിപ്പോയവർ, രോഗികൾ ബിസിനസ് ഉൾപ്പടെയുള്ള മറ്റാവശ്യങ്ങൾക്കായി പോയ പതിനായിരക്കണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. പൊതുഗതാഗതം അനുവദനീയമല്ലാത്തതിനാൽ ഇവർക്ക് സ്വമേധയാ കേരളത്തിലെത്താൻ സാധ്യമല്ല.
പ്രത്യേക ട്രെയിൻ, ബസുകൾ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഓരോ സംസ്ഥാനവും അവരുടെ പൗരൻമാരെ മടക്കിക്കൊണ്ടുപോകുന്നത്. മലയാളികളെ തിരികെയെത്തിക്കാൻ പ്രത്യേക ട്രെയിനിനായുള്ള ശക്തമായ സമ്മർദം കേന്ദ്രസർക്കാറിൽ ചെലുത്തുന്ന കാര്യത്തിൽ കേരള സർക്കാറിന് അക്ഷന്ത്യവമായ വീഴ്ചയാണുണ്ടായത്. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്നാണ് ഒരു വഴിപാടെന്ന പോലെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
അതിനപ്പുറം ഈ വിഷയത്തിൽ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. കോവിഡ് രോഗം പടർന്നു പിടിക്കുന്ന മഹാരാഷ്ട്ര, ദൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ വലിയ ഭീതിയിലും ആശങ്കയിലുമാണ്. ഇവിടങ്ങളിലെ മലയാളികളെ എത്രയും വേഗം തിരികെയെത്തിക്കുന്ന കാര്യത്തിൽ കേരള സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കേരളമൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ അവരുടെ പൗരൻമാരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരികെ കൊണ്ടുപോകുന്ന കാര്യത്തിൽ മാതൃകപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
ഭയാനകമായി രോഗം വ്യാപിക്കുന്ന അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നു പോലും മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി പ്രത്യേക ബസ് സർവീസ് നടത്താനുള്ള വിവേചന ബുദ്ധി പോലും മുഖ്യമന്ത്രി കാണിക്കുന്നില്ല. ഇതിൽ നിന്നു തന്നെ മുഖ്യമന്ത്രിക്ക് മറുനാടൻ മലായളികളോടുള്ള ആത്മാർത്ഥതയില്ലായ്മ പ്രകടമാണ്. ലോക്ഡൗണിനെ തുടർന്ന് സർവീസ് നിർത്തിവെച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കാവുന്നതാണ്. അതിന് കേന്ദ്ര സർക്കാറിന്റെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വന്തം നിലയ്ക്കാണ് പലരും ഇപ്പോൾ കേരള അതിർത്തി വരെ എത്തുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യയുണ്ടാക്കുന്നുണ്ട്. കേരളത്തിലെത്തിയാലും സ്വന്തം വീടുകളിലേക്ക് പോകണമെങ്കിൽ സ്വകാര്യ വാഹനങ്ങളെ തന്നെ ആശ്രയിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. അതിർത്തി കടന്നെത്തുന്ന മലയാളികൾക്ക് പോലും വാഹന സൗകര്യം ഒരുക്കി നൽകാത്ത മുഖ്യമന്ത്രിയാണ് വൈകുന്നേരങ്ങളിൽ ടി.വി. ഷോ നടത്തി ജനങ്ങൾക്ക് സാരോപദേശം നൽകുന്നതെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.
ജോലി നഷ്ടപ്പെട്ടവരും അസുഖ ബാധിതരുമായ ധാരാളം മലയാളികൾ ഇതര സംസ്ഥാനങ്ങളിലുണ്ട്. അതിൽ ഭക്ഷണവും മരുന്നും കിട്ടാത്തവരുമുണ്ട്. പ്രത്യേക ട്രെയിൻ സർവീസെന്ന ആവശ്യം നേടിയെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ ഇപ്പോൾ അതിഥി തൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിരിക്കുന്ന ട്രെയിനുകൾ മടങ്ങിവരുമ്പോൾ അതിൽ മലയാളികളെ കൊണ്ടുവരാനെങ്കിലും നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.