മലപ്പുറം- സംസ്ഥാനങ്ങളുടെ അതിരുകൾ റേഷൻ വിതരണ രംഗത്തു നിന്നും മായുകയാണ്. രാജ്യത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഏത് റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (ഐ.എം.പി.ഡി.എസ്) സംവിധാനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. ഐ.എം.പി.ഡി.എസ് സംവിധാനം ഉപയോഗിച്ച് ജില്ലയിലുള്ള നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ റേഷൻ കൈപ്പറ്റി.
തിരൂർ താലൂക്കിലെ റേഷൻ കടകളിൽ നിന്നും മഹാരാഷ്ട്ര നിവാസികളായ ഫൂലാബായി, ഈശ്വർ പി. ഷിൻഡെ, പാർവതി മഹാദേവി ബബാർ, ഭരത് രാജാറാം ഇൻഗോൾ, സുന്ദര ബായി പിരാജി ഇൻഗോൾ എന്നിവരാണ് തങ്ങളുടെ സംസ്ഥാനത്തെ റേഷൻകാർഡുപയോഗിച്ച് മെയ് മാസത്തെ റേഷൻ വിഹിതം ബയോമെട്രിക് സംവിധാനത്തിലൂടെ ജില്ലയിൽ നിന്ന് കൈപ്പറ്റിയത്. കർണാടകയിൽ റേഷൻകാർഡുള്ള എൻ.ടി. ഫാത്തിമയും നിലമ്പൂർ താലൂക്കിൽ നിന്നും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരുന്ന റേഷൻകാർഡുടമകൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇപ്പോൾ റേഷൻ വാങ്ങാൻ കഴിയും. പുതിയ റേഷൻകാർഡില്ലാതെ സ്വന്തം സംസ്ഥാനത്തെ റേഷൻ കാർഡുപയോഗിച്ച് റേഷൻ വിഹിതം കൈപ്പറ്റാനാവുമെന്നതാണ് ഐ.എം.പി.ഡി.എസ് സംവിധാനത്തിന്റെ പ്രത്യേകത. ആന്ധാ പ്രദേശ്, ബീഹാർ, ദാമൻ ആൻഡ് ദിയു, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ത്രിപുര, ഉത്തർ പ്രദേശ് തുടങ്ങി 17 സംസ്ഥാനങ്ങളിലെയും റേഷൻ ഗുണഭോക്താക്കൾക്ക് ഇപ്പോൾ സംസ്ഥാനത്ത് നിന്ന് അവരുടെ റേഷൻ വിഹിതം വാങ്ങാൻ കഴിയും.
കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഈ പദ്ധതി ഏറെ സഹായകരമാണ്. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 വിഭവങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് പൊതുവിഭാഗം (സബ്‌സിഡി) നീലകാർഡുടമകൾക്ക് ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ കെ. രാജീവ് ഓഫീസർ അറിയിച്ചു. റേഷൻ കാർഡിന്റെ അവസാന അക്ക നമ്പർ പ്രകാരമാണ് വിതരണം ചെയ്യുക. മെയ് എട്ട്- 0, മെയ് ഒൻപത്- ഒന്ന്, മെയ് 11- രണ്ട്, മൂന്ന്, മെയ് 12- നാല്, അഞ്ച്, മെയ് 13- ആറ്,ഏഴ്, മെയ് 14- എട്ട്,ഒൻപത് എന്നിങ്ങനെയാണ് വിതരണം ചെയ്യുക. ജില്ലയിൽ മുൻഗണനാ വിഭാഗങ്ങൾക്കായി ഇതുവരെ 3.78 ലക്ഷം സൗജന്യ പലവ്യഞ്ജന കിറ്റുകളാണ് വിതരണം ചെയ്തത്. പൊതുവിഭാഗം(സബ്‌സിഡി) നീല കാർഡുടമകൾക്കായി 3.02 ലക്ഷം സൗജന്യ കിറ്റുകളാണ് ജില്ലയിൽ ഇന്ന് മുതൽ വിതരണം ചെയ്യാനുള്ളതെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മെയ് മാസത്തെ സാധാരണ റേഷൻ വിഹിതം മെയ് 20 നകം വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.