കോട്ടയം - ജോസ് കെ. മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ രാഷ്ട്രീയ നീക്കത്തെക്കുറിച്ചുളള ചർച്ചകൾ സജീവമായി. കോൺഗ്രസ് കൂടാരം വിട്ട് ഇടതു മുന്നണിയിലേക്ക് പോകാനുളള അണിയറ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച്ചയെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിരീക്ഷണം. എന്നാൽ യു.ഡി.എഫ് വിടാനുളള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് ജോസ് കെ മാണിയുമായി അടുപ്പമുളള വൃത്തങ്ങൾ പറയുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ കാർഷിക വ്യാപാര മേഖലകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തിലുളള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് എത്തി കണ്ടത്. ഈ ചർച്ചയിൽ രാഷ്ട്രീയം കടന്നുവന്നില്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. എന്നാൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കെ തന്നെ കെ.എം മാണിയെ എൽ.ഡി.എഫിൽ കൊണ്ടുവരാനുളള നീക്കം തുടങ്ങിയിരുന്നുവെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജോസ് കെ മാണി വിഭാഗം യു.ഡി.എഫിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ബാർ കോഴ കേസിൽ യു.ഡി.എഫിന്റെ ഉന്നത നേതാവായ കെ.എം മാണിയെ ബോധപൂർവം കുരുക്കുകയായിരുന്നുവെന്ന ചിന്ത പാർട്ടി അണികളിൽ ഏറെ നാളായുണ്ട്. കെ.എം മാണിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട യു.ഡി.എഫ് സർക്കാർ ആരോപണ വിധേയരായ മറ്റു ചില മന്ത്രിമാരോട് മൃദുസമീപനം സ്വീകരിച്ചുവെന്ന് അന്നു മുതലുള്ള വിമർശനമാണ്. യു.ഡി.എഫ് മുന്നണിയുടെ വിജയ ശിൽപ്പികളിലൊരാളായ കെ.എം. മാണിയെ ബോധപൂർവം കോൺഗ്രസിലെ ഒരു വിഭാഗം വേട്ടയാടുകയായിരുന്നുവെന്നാണ് ജോസ് കെ മാണി വിഭാഗത്തിലെ വലിയൊരു വിഭാഗം കരുതുന്നത്. അതുകൊണ്ടു തന്നെ യു.ഡി.എഫ് വിടണമെന്ന നിലപാട് ഈ വിഭാഗത്തിനുണ്ട്. ചരൽക്കുന്നിൽ വെച്ച് യു.ഡി.എഫ് വിട്ടശേഷം ഇലക്ഷനു ശേഷം തിരികെ വന്നുവെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. കൂടാതെ യു.ഡി.എഫിൽ പി.ജെ ജോസഫ് വിഭാഗം ഉയർത്തുന്ന തലവേദനകളുമുണ്ട്.
കെ.എം മാണി ഹൃദയത്തിലെഴുതിയ പാലാ മണ്ഡലം പാർട്ടിക്ക് നഷ്ടപ്പെടാനുളള പ്രധാന കാരണം ജോസഫ് വിഭാഗത്തിന്റെ വഞ്ചനാപരമായ നിലപാടാണെന്നാണ് ഇക്കൂട്ടരുടെ നിലപാട്. കേരള കോൺഗ്രസ് എമ്മിന്റെ ഉറച്ചകോട്ടയിൽ വിള്ളൽ വീഴ്ത്തി ഇടതുമുന്നണിക്ക് സമ്മാനിക്കുകയായിരുന്നുവെന്നും ഇത്തരത്തിലുള്ള പിന്നിൽ നിന്നുള്ള കുത്ത് ഇനിയും ആവർത്തിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിന് കരുത്തുറ്റ പിന്തുണ നൽകിയ ഉമ്മൻ ചാണ്ടി സജീവമല്ലെന്നതും പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതും ജോസ് കെ മാണി അനുയായികൾ അത്ര ശുഭകരമായി അല്ല കാണുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി,കെ.എം. മാണി ത്രയത്തിന്റെ കഴിവാണ് മുന്നണിയുടെ വിജയമന്ത്രമെന്നും അണികൾ വിശ്വസിക്കുന്നു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള രാഷ്ട്രീയത്തിൽ ധ്രുവീകരണം ഉണ്ടാകുമെന്നാണ് പൊതുവെ കരുതുന്നത്. പാലായിലെ കെ.എം മാണി സ്റ്റഡി സെന്റിറിന് ഇടതു സർക്കാർ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. മധ്യ കേരളത്തിൽ നിർണായക ശക്തിയായ കേരള കോൺഗ്രസ് എമ്മിനെ ഇടതു പാളയത്തിലെത്തിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഇടതു വിലയിരുത്തൽ. അതിലുപരിയായി യുഡിഎഫിന്റെ ഒരു ഘടകകക്ഷിയെ ഇടതു ക്യാമ്പിലെത്തിച്ചാൽ രാഷ്ട്രീയ വിജയമാണെന്നു കരുതുന്നവരും ഇടതുമുന്നണിയിലുണ്ട്.