റിയാദ് - ഖുറയ്യാത്തിൽ നിന്ന് 16 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ താമസ സ്ഥലത്താണ് വൻതോതിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, ജിദ്ദ ഹിന്ദാവിയ ഡിസ്ട്രിക്ടിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച 17 ടൺ പച്ചക്കറികളും പഴവർഗങ്ങളും ജിദ്ദ നഗരസഭക്കു കീഴിലെ ബലദ് ബലദിയ പിടിച്ചെടുത്തു. വഴിവാണിഭക്കാരുടെ 33 ഉന്തുവണ്ടികളും സ്റ്റാളുകളും അധികൃതർ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. ഉപയോഗയോഗ്യമായ പഴവർഗങ്ങളും പച്ചക്കറികളും പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് പിന്നീട് സന്നദ്ധ സംഘടനകൾക്ക് കൈമാറി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ പാലിക്കാതെ നിയമ ലംഘകർ കൂട്ടംചേർന്ന് വഴിവാണിഭം നടത്തുന്നത് നഗരസഭാധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.