കാസർകോട്- കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ജൂൺ ആദ്യവാരം കമ്മീഷൻ ചെയ്യും. കൊച്ചി മുതൽ മംഗലാപുരം വരെ 444 കിലോമീറ്റർ പൈപ്പ് ലൈൻ പൂർണമായും പ്രവർത്തന സജ്ജമായി.
ഇനി ചന്ദ്രഗിരി പുഴയിൽ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ട ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണ പ്രവർത്തനം അതിവേഗം നടന്നുവരികയാണ്. ഈ പ്രവൃത്തി ഈ മാസം തന്നെ പൂർത്തിയാകും.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ള സിറ്റി ഗ്യാസ് പദ്ധതി ഈ മാസം ഒടുവിൽ തുടങ്ങിയേക്കും. അമ്പലത്തറയിൽ പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ റോഡരികിലായി അദാനി ഗ്രൂപ്പ് വാങ്ങിയ അമ്പത് സെന്റ് ഭൂമിയിൽ സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. ഗാർഹിക ഉപയോഗത്തിന് ഉൾപ്പെടെ പാചകവാതകം പൈപ്പ് ലൈൻ വഴി നൽകുന്നത് ഇവിടെ നിന്നായിരിക്കും. കോട്ടപ്പാറയിൽ മംഗലാപുരം ഭാഗത്തേക്കുള്ള പൈപ്പ് അടച്ചുകൊണ്ടായിരിക്കും അമ്പലത്തറയിലെ സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കുക. ഇപ്പോൾ കൊച്ചിയിൽ നിന്നും പൈപ്പിലൂടെ ഇങ്ങോട്ടേക്ക് പാചക വാതകം എത്തി തുടങ്ങിയിട്ടുണ്ട്.
കൊച്ചി മുതൽ മംഗലാപുരം വരെ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ കൊച്ചിയിലെ മുഖ്യ ടെർമിനലിൽ നിന്നും കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ വ്യവസായങ്ങൾക്ക് ആവശ്യമായ വാതക ഇന്ധനം എൽ.എൻ.ജി പൈപ്പുകൾ വഴി വിതരണം ചെയ്യാൻ കഴിയും. ഇതേ പൈപ്പ് ലൈൻ വഴി വീടുകളിലേക്കും പ്രകൃതി വാതകം എത്തിക്കും. പൈപ്പ് ലൈൻ പദ്ധതിക്കായി 2007 ലാണ് കേരളം ഗെയിലുമായി കരാറിൽ ഏർപ്പെട്ടത്. 2010 ൽ പുതുവൈപ്പിനിൽ നിന്നും അമ്പലമുകളിലേക്കുള്ള ആദ്യ പൈപ്പ് ലൈൻ പദ്ധതി ആരംഭിച്ച് 2013 ൽ തന്നെ കമ്മീഷൻ ചെയ്യാനും കഴിഞ്ഞു. 2012 ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം തുടക്കമിടുന്നത്. കൊച്ചി മംഗലാപുരം. കൊച്ചി കോയമ്പത്തൂർ ബംഗളൂരു പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ കാസർകോട് എന്നീ ജില്ലകളിലൂടെയാണ് പൈപ്പ്ലൈൻ കടന്നു പോകുന്നത്. മുൻ യു.ഡി.എഫ് സർക്കാർ ജനകീയ പ്രക്ഷോഭത്തിന്റെ പേരിൽ ഭൂമി ഏറ്റെടുത്തു നൽകാൻ വിമുഖത കാണിച്ചതോടെ 2014 ഓഗസ്റ്റിൽ മുഴുവൻ കരാറുകളും ഉപേക്ഷിച്ചു ഗെയിൽ കേരളം വിട്ടു.
പിന്നീട് എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് എതിർപ്പുകളെ അവഗണിച്ചു പദ്ധതി വീണ്ടും തുടങ്ങാൻ അനുമതി നൽകിയത്. പദ്ധതിക്കായി 380 കിലോമീറ്റർ സ്ഥലവും ഏറ്റെടുത്തു നൽകി. കൊച്ചി മുതൽ പാലക്കാടു വരെയുള്ള 97 കി മീ 2019 ജൂണിൽ കമ്മീഷൻ ചെയ്തു. ഏതാണ്ട് ഭൂമി ഏറ്റെടുക്കുന്നതിനായി 300 കോടിയോളം രൂപ ചെലവിട്ടു. വിളകൾക്കും നാശനഷ്ടങ്ങൾക്കുമായി 250 കോടിയും ഉപയോഗാവകാശം ഏറ്റെടുത്ത ഭൂമിക്കായി 33.32 കോടിയും വിതരണം ചെയ്തു. നെൽ വയലുകൾക്കു നഷ്ടപരിഹാരമായി സെന്റിന് 3761 രൂപ വീതവും നൽകി. പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രകൃതി വാതകം ചെലവ് കുറഞ്ഞ രീതിയിൽ ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ ഗുണം.