പാലക്കാട് - ജില്ലയിൽനിന്ന് അതിഥി തൊഴിലാളികളേയും വഹിച്ചുകൊണ്ടുള്ള ആദ്യ തീവണ്ടി യാത്ര തിരിച്ചു. ഇന്നലെ വൈകീട്ട് 4.50നാണ് 1208 തൊഴിലാളികളുമായി പ്രത്യേക തീവണ്ടി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്.
ഒറ്റപ്പാലം സബ്കലക്ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്രാ ഏകോപനത്തിന്റെ നോഡൽ ഓഫീസറുമായ അർജ്ജുൻ പാണ്ഡ്യൻ, ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം, അസിസ്റ്റന്റ് കലക്ടർ ചേതൻകുമാർ മീണ എന്നിവരടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ സംഘം തൊഴിലാളികളെ യാത്രയയക്കാൻ എത്തിയിരുന്നു.
റെയിൽവേ, തൊഴിൽവകുപ്പ്, റവന്യൂ വകുപ്പ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് യാത്രക്കുള്ള ഏകോപനം നിർവ്വഹിച്ചത്. ഒഡീഷയിലെ ജഗന്നാഥപുരിയിലേക്കാണ് തീവണ്ടി പോകുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളിൽ കഴിയുകയായിരുന്ന തൊഴിലാളികളെ പാലക്കാട്ടേക്ക് കൊണ്ടുവരുന്നതിന് 37 കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവ്വീസ് നടത്തി. ആറു താലൂക്ക് കേന്ദ്രങ്ങളിൽ അതാത് തഹസിൽദാർമാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടത്തിയവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് ബസ്സുകളിൽ കയറ്റിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒരു ബസ്സിൽ പരമാവധി മുപ്പത് യാത്രക്കാരേ ഉണ്ടാവുകയുള്ളൂ എന്ന് ഉറപ്പ് വരുത്തിയിരുന്നു. ശരീരതാപനില അളക്കുന്നതിനു പുറമേ മറ്റ് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി എല്ലാവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. റയിൽവേ സ്റ്റേഷനിലും ആരോഗ്യ പരിശോധന നടന്നു.
യാത്രക്കിടയിൽ ആവശ്യമായ ഭക്ഷണവും വെള്ളവും പൊതിഞ്ഞ് നൽകിയാണ് അതിഥി തൊഴിലാളികളെ യാതയയച്ചത്. താലൂക്ക് കേന്ദ്രങ്ങളിൽ വെച്ച് ഉച്ചഭക്ഷണം കഴിപ്പിച്ചതിനു ശേഷമായിരുന്നു റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര. സ്റ്റേഷനിൽ വെച്ച് യാത്രയിലുപയോഗിക്കാനുള്ള ഭക്ഷണം അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ആറ് ചപ്പാത്തി, വെജിറ്റബിൾ കറി, ഒരു പാക്കറ്റ് ബ്രെഡ്, 200 ഗ്രാം ജാം, നാല് കുപ്പി വെള്ളം എന്നിവ അടങ്ങിയതാണ് ഭക്ഷണ കിറ്റ്.