റാസല്‍ഖൈമ- മത്സ്യബന്ധന ബോട്ടിനകത്തുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഏഷ്യന്‍ വംശജനായ തൊഴിലാളിക്ക് പരിക്കേറ്റു. നഗരത്തിന് കിഴക്ക് 40 കി.മി അകലെ ശാം ഏരിയക്ക് സമീപമായിരുന്നു അപകടം. ഡീസല്‍ ലീക്കായതിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് റാസല്‍ ഖൈമ ഫിഷര്‍മെന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഖലീഫ അല്‍മുഹൈരി അറിയിച്ചു.
വിവരം ലഭിച്ചയുടന്‍ തന്നെ ബോട്ടിനടുത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. പൊള്ളലേറ്റ തൊഴിലാളിയെ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിച്ചതായി അല്‍മുഹൈരി അറിയിച്ചു. യു.എ.ഇ പൗരന്‍ ക്യാപ്റ്റനായ ബോട്ടില്‍ പരിക്കേറ്റയാളിന് പുറമെ, മറ്റൊരു ഏഷ്യക്കാരനും ജോലി ചെയ്യുന്നുണ്ട്. മോട്ടോര്‍ ബോട്ടുകള്‍ യഥാസമയം, അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ഇത്തരത്തില്‍ അപകടം സംഭവിക്കാനിടയുണ്ടെന്നും ഖലീഫ അല്‍മുഹൈരി അഭിപ്രായപ്പെട്ടു.