Sorry, you need to enable JavaScript to visit this website.

മടിച്ചു മടിച്ചാണ് ചോദിച്ചത്; പക്ഷേ വിവാഹ മോതിരം കിട്ടി

ഇരിട്ടി- കൊറോണാ കാലത്ത് രോഗങ്ങളാൽ മരണമുഖത്ത് എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിൽക്കുന്ന ആയിരങ്ങൾക്ക്  മരുന്നുകളടക്കം എത്തിച്ചു നൽകുന്ന അഗ്നിരക്ഷാ സേനയുടെ സേവനം ഇപ്പോള്‍ പുതുമയല്ലാതായിട്ടുണ്ട്. 

എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു സേവനത്തിനാണ് ഇരിട്ടി അഗ്നിരാക്ഷാ നിയയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറായത്. നാളെ വിവാഹിതരാകുന്ന നവദമ്പതികൾക്ക് വിവാഹ മോതിരമെത്തിച്ചു നൽകിയാണ് ഇവർ കയ്യടി നേടിയത്.

ഇരിട്ടി കരിക്കോട്ടക്കരിയിലെ താളുകണ്ടത്തിൽ ഇമ്മാനുവേൽ - ലില്ലി ദമ്പതികളുടെ മകൾ മറിയ ഇമ്മാനുവേലും കണിച്ചാർ ചെങ്ങോത്തെ ഒറ്റപ്ലാക്കൽ ജോസ് - മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോമിനും തമ്മിലുള്ള വിവാഹമാണ് വ്യാഴാഴ്ച നടക്കുന്നത്.

ആദ്യം ഏപ്രിൽ 16 നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നടന്നില്ല. മുംബൈയിൽ ഒരു മാനുഫാക്ച്ചറിംഗ് കമ്പനിയിൽ ജോലിചെയ്യുന്ന ജോമിൻ ലോക് ഡൗൺ പ്രഖ്യാപിച്ച ഉടനെ നാട്ടിൽ എത്തിയെങ്കിലും മറ്റൊരു സംസ്ഥാനത്തു നിന്നും എത്തിയതിനാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. അതിനാൽ തന്നെ ഏപ്രിലിൽ തീരുമാനിച്ച വിവാഹം മെയ് ഏഴിലേക്ക്  മാറ്റിവെക്കേണ്ടി വന്നു. ഇതിനിടയിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപേ വിവാഹ സമയത്ത്  കൈമാറേണ്ട രണ്ടുപേരുടെയും മോതിരം കണ്ണൂരിലെ മലബാർ ഗോൾഡിൽ മുഴുവൻ പണവും നൽകി ബുക്ക് ചെയ്തിരുന്നു .  കണ്ണൂർ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതും ലോക് ഡൗൺ മൂലമുള്ള യാത്രാ പ്രതിസന്ധിയും  നിലനിൽക്കുന്നതിനാൽ മോതിരമില്ലാതെ വിവാഹം നടത്തിയാലോ എന്ന് വീട്ടുകാർ ആലോചിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനയുടെ വിവിധ സേവന പ്രവർത്തനങ്ങളുടെ കഥകൾ ഇവരുടെ ശ്രദ്ധയിൽ പെടുന്നത്.

മടിച്ചു മടിച്ചാണെങ്കിലും ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ച് ഇവർ തങ്ങളുടെ കാര്യങ്ങൾ ബോധിപ്പിച്ചു. ഒരു മടിയും കൂടാതെ ഇരിട്ടി അഗ്നിരക്ഷാ സേന തങ്ങളുടെ സേവന സന്നദ്ധത അറിയിക്കുകയും  ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിൽ നിന്നും എത്തിച്ച മോതിരങ്ങൾ അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ, സീനിയർ ഫയർ ആൻറ് റസ്‌ക്യൂ ഓഫീസർ ബെന്നി ദേവസ്യ, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ ആൻറ് ഡ്രൈവർ വി. രാജൻ എന്നിവരുടെ നേതൃത്വത്തിൽ  രാത്രി 8 മണിയോടെ നവവധു മറിയ ഇമ്മാനുവേലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി കൈമാറി.

അഗ്നിരക്ഷാ സേനയോടുള്ള നന്ദിയും കടപ്പാടും കുടുംബം അറിയിച്ചപ്പോൾ കോവിഡിൻ  കാലത്ത് സേവന പാതയിൽ ഒരു സദ്‌കർമ്മം കൂടി  ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർഥ്യമായിരുന്നു സേനാംഗങ്ങളുടെ ഉള്ളിൽ. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് 20 പേർ മാത്രം പങ്കെടുത്തുകൊണ്ട് കരിക്കോട്ടക്കരി പള്ളിയിൽ വെച്ച് ലളിതമായ ചടങ്ങിൽ വ്യാഴാഴ്ച  രാവിലെ ഇവരുടെ വിവാഹം നടക്കും

Latest News