ഷാര്‍ജ- അല്‍ നഹ്ദയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള 48 നില റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് അബ്‌കോ ടവറില്‍ തീപ്പിടിത്തമുണ്ടായത്. ആളപായമുള്ളതായി സൂചനയില്ല.
കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചാമ്പലായി. താഴത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്നറിയുന്നു. അഗ്നിശമന സേന കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇപ്പോഴും തുടരുകയാണ്.
പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ് അബ്‌കോ ടവര്‍. അഗ്‌നിബാധയുടെ കാരണം അറിവായിട്ടില്ല.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തില്‍നിന്നും അടുത്തുള്ള കെട്ടിടങ്ങളില്‍നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.