റിയാദ് - ലോക് ഡൗണിന് ശേഷം സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് പ്രവാസികളെയും വഹിച്ചുള്ള ആദ്യ എയര്‍ഇന്ത്യാ വിമാനം വ്യാഴാഴ്ച റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും. യാത്രക്കാരുടെ അന്തിമ പട്ടിക ഇന്ത്യന്‍ എംബസി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും എല്ലാവരെയും യാത്രാവിവരങ്ങള്‍ സംബന്ധിച്ച് ബുധനാഴ്ച അറിയിക്കുമെന്നുമാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന സൂചന.
200 ഓളം യാത്രക്കാര്‍ക്കാണ് ആദ്യവിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുക. ഹെല്‍പ് ലൈനിലോ എംബസിയുടെ ഓണ്‍ലൈനിലോ അപേക്ഷിച്ചവരില്‍ നിന്നാണ് യാത്രക്കാരുടെ മുന്‍ഗണനാക്രമം തയ്യാറാക്കിയത്. ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനവും റിയാദില്‍ നിന്ന് രണ്ട് വിമാനവുമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഈ വിമാനങ്ങളില്‍ എണ്ണൂറോളം പേര്‍ക്ക് മാത്രമേ പോകാനാവൂ. ബാക്കിയുള്ളവര്‍ക്ക് അടുത്ത ആഴ്ചകളില്‍ ഷെഡ്യൂള്‍ ചെയ്യുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യാം.
സൗദിയില്‍ നിന്ന് അടിയന്തരമായി നാട്ടില്‍ പോകേണ്ട ഗര്‍ഭിണികള്‍, പ്രായമായവര്‍, വിദ്യാര്‍ഥികള്‍, വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് ആദ്യ നാലു വിമാനങ്ങളില്‍ കൊണ്ടുപോകുന്നത്. ഗര്‍ഭിണികളെല്ലാം ഈ ആഴ്ച തന്നെ നാട്ടിലെത്തും. അപേക്ഷകരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ പാസ്‌പോര്‍ട്ടിന്റെയും റീ എന്‍ട്രിയുടെയും സാധുത ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയത ശേഷം യാത്രക്ക് താത്പര്യമില്ലെന്നറിയിച്ച് ചിലര്‍ പിന്‍മാറിയതോടെ ആ അവസരം മറ്റുള്ളവര്‍ക്ക് നല്‍കിയിരിക്കുകയാണ്.
ടിക്കറ്റ് ചാര്‍ജ് യാത്രക്കാര്‍ തന്നെ വഹിക്കേണ്ടിവരും. 700 റിയാലിനടുത്ത് വണ്‍വേ ചാര്‍ജ് ഈടാക്കും. രാവിലെ നാട്ടിലെത്തുന്ന രീതിയില്‍ രാത്രിയിലാണ് സൗദിയില്‍ നിന്നുള്ള കേരള സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സൗദിയില്‍ അഞ്ചുമണിക്ക് കര്‍ഫ്യൂ തുടങ്ങുന്നതിനാല്‍ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവരടക്കം എല്ലാ യാത്രക്കാരും നേരത്തെ വിമാനത്താവളത്തിലെത്തേണ്ടിവരും.
അതേസമയം ടിക്കറ്റ് ഇഷ്യൂ ചെയ്യുന്ന രീതിയെ കുറിച്ച് ഇത് വരെ വ്യക്തത ലഭിച്ചിട്ടില്ല. സൗദിയില്‍ നിന്ന് ചില വിദേശരാജ്യങ്ങള്‍ അവരുടെ പൗന്മാരെ കൊണ്ടുപോയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്. അതേ രീതി സ്വീകരിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിയാല്‍ മതി. തുടര്‍ന്ന് കോവിഡ് ലക്ഷണങ്ങള്‍ പരിശോധിച്ച ശേഷം ടിക്കറ്റ് ഇഷ്യൂ ചെയ്യും. ടിക്കറ്റ് ചാര്‍ജ് എംബസിയുടെ വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.