ക്യാപ്‌നൗ- മെസിയഴക് മഴവില്ല് ചാർത്തിയ ഗോളുകളാൽ ചാംപ്യൻസ് ലീഗ് ഫുട്‌ബോളിലെ ആദ്യമത്സരത്തിൽ ബാഴ്‌സലോണക്ക് ഗംഭീര ജയം. കരുത്തരായ യുവന്റസിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മെസിപ്പട ജയിച്ചത്. വിഖ്യാത ഗോൾ കീപ്പർ ബഫൺ കാക്കുന്ന വലയിലേക്ക് ഇതേവരെ ഗോളടിക്കാനായില്ല എന്ന പേര് ദോഷം കൂടി മെസി മറികടന്നു. കളിയിലെ ഒന്നാമത്തെയും മൂന്നാമത്തെയും ഗോളുകളാണ് മെസി നേടിയത്. ആദ്യപകുതിയുടെ എക്‌സ്ട്രാ ടൈമിലായിരുന്നു മെസിയുടെ ആദ്യഗോൾ. മൈതാന മധ്യത്തിൽനിന്ന് ബാഴ്‌സക്കായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഉസ്മാനു ദംബലയിൽനിന്ന് ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ മെസി ബോക്‌സിന്റെ തൊട്ടടുത്ത് വെച്ച് പന്ത് സുവാരസിന് കൈമാറി. അടുത്ത നിമിഷം പന്ത് വീണ്ടും മെസിയുടെ കാലുകളിൽ. എതിർ കളിക്കാരന്റെ കാലുകൾക്കിടയിലൂടെ പന്ത് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക്. യുവന്റസ് ഞെട്ടിയുണർന്നപ്പോഴേക്കും ബാഴ്‌സയുടെ വിജയാഹ്ലാദം അവസാനിച്ചിരുന്നു. മിന്നുന്ന വേഗത്തിലാണ് മെസി പന്ത് വലയിലെത്തിച്ചത്.
അൻപത്തിയാറാമാത്തെ മിനിറ്റിൽ ഇവാൻ റാക്ടിക്കിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോൾ. പകരക്കാരനായി ഇറങ്ങിയ സ്റ്റെഫാനോ സുരാരോയിൽനിന്ന് ലഭിച്ച ലോ ക്രോസ് റാക്ടിക് വലയിലാക്കുകയായിരുന്നു.
അറുപത്തിയാറാമത്തെ മിനിറ്റിലാണ് രണ്ടാമത്തെ ഗോൾ മെസി നേടിയത്. മൈതാനത്തിന്റെ വലതുഭാഗത്ത്‌നിന്ന് ലഭിച്ച പന്ത് രണ്ട് ഡിഫന്റർമാരെ മറികടന്ന് ഇടങ്കാലുകൊണ്ടടിച്ച് ബഫണിനെ കാഴ്ച്ചക്കാരനാക്കി പോസ്റ്റിലേക്ക് ചെത്തിയിട്ടു. ഇതോടെ ചാംപ്യൻസ് ലീഗിൽ മെസി നേടുന്ന ഗോളിന്റെ എണ്ണം 96 ആയി. ഈ സീസണിൽ ആറു കളികളിൽനിന്ന് എട്ടുഗോളുകൾ നേടി.
പി.എസ്.ജിക്ക് ജയം
മറ്റൊരു മത്സരത്തിൽ പി.എസ്.ജി ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് സെൽറ്റികിനെ തോൽപ്പിച്ചു. നെയ്മാർ പത്തൊൻപതാമത്തെ മിനിറ്റിൽ തുടങ്ങിവെച്ച ഗോൾ വേട്ട 85-ാം മിനിറ്റിൽ എഡിസൺ കവാനിയാണ് അവസാനിപ്പിച്ചത്. ഒരു പെനാൽറ്റിയടക്കം കവാനി രണ്ടും എംബപ്പേ ഒരു ഗോളും നേടി. നാലാമത്തെത് സെൽഫ് ഗോളായിരുന്നു. ബയേൺ മ്യൂണിക് മൂന്നു ഗോളുകൾക്ക് ആർ.എസ്.സി ആൻഡേർലെച്റ്റിനെ തോൽപ്പിച്ചു.