കോട്ടയം- കുവൈത്തിലെ മലയാളി നഴ്‌സിന്റെ മരണത്തിൽ സംശയവുമായി വീട്ടുകാർ. മരണ കാരണം ഹൃദയാഘാതമാണെന്നാണ് അദ്യം അറിയിച്ചിരുന്നത്. അതിനു ശേഷം ഇന്നലെ അത് കോവിഡാണെന്ന് പറഞ്ഞതോടെയാണ് വീട്ടുകാരിൽ ആശങ്ക വേദനയായി പടർന്നത്.
തുടർന്ന് നഴ്‌സിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് പോലീസിൽ പരാതി നൽകി. ഹൃദയാഘാതം മൂലം മരിച്ചു എന്നാണ് അറിയിച്ചത്. അങ്ങനെ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകിയതും. കോവിഡ് ആണെന്ന് തിരുത്തി പറയുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. മൃതദേഹം നാട്ടിൽ എത്തിക്കാമെന്ന് ഉറപ്പു നൽകിയ ശേഷം പിന്നീട് ഇക്കാര്യത്തിൽനിന്ന് പിൻവാങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു.
കോട്ടയം ഗാന്ധിനഗർ തെക്കനയിൽ സുമി (37) ഈ മാസം രണ്ടിനാണ് കുവൈത്തിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്ന സർട്ടിഫിക്കറ്റ് നാട്ടിലുള്ള ബന്ധുക്കൾക്ക് നൽകി. അവിടെ പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് ഇന്നലെ വരുന്ന വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ഉറപ്പു നൽകിയതായി ബന്ധുക്കൾ പറയുന്നു. ഇത് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ അറിയിപ്പ് വരുന്നത്. സുമിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നു അധികൃതർ തിരുത്തി പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
മൃതദേഹം കുവൈത്തിൽ തന്നെ അടക്കുന്നതിനുള്ള അനുമതി അധികൃതർ തേടിയിട്ടുണ്ട്. നാട്ടിൽ എത്തിക്കാനുള്ള ശ്രമം സർക്കാർ നടത്തണമെന്ന് തോമസ് ചാഴിക്കാടൻ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആവശ്യപ്പെട്ടു. ഇരുവർക്കും ഒപ്പമാണ് പരാതി നൽകാൻ എത്തിയത്. സുമിയുടെ സഹോദരന്റെ സന്തോഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾ ആണ് സുമിക്ക് ഉള്ളത്. അമ്മയുടെ മുഖം അവസാനമായി കാണാൻ ഇനി കുട്ടികൾക്കു കഴിയില്ലല്ലോ ദുഃഖത്തിലാണ് കുടുംബം. രണ്ടു വർഷം മുൻപാണ് ഇവർ കുവൈത്തിലേക്ക് ജോലിക്ക് പോയത്.
രണ്ടിന് ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽനിന്നാണെന്നും സുമിയെ മരിച്ച നിലയിൽ മുബാറക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പറഞ്ഞു വിളിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഹൃദയാഘാതം ഉണ്ടായി മരണം സംഭവിച്ചു എന്നാണ് ബന്ധുക്കളെ അവിടെ നിന്നും വിളിച്ച ആൾ പറഞ്ഞത്. എന്നാൽ വെള്ളിയാഴ്ച നാട്ടിലേക്ക് അവസാനമായി വിളിക്കുമ്പോഴും സുമി ആരോഗ്യ പ്രശ്‌നം സൂചിപ്പിച്ചില്ല. പിന്നീട് മരണ വാർത്തയാണ് അറിയുന്നത്.ആശുപത്രിയിൽനിന്ന് ആദ്യം ലഭിച്ച രേഖകളിലും പകർച്ചവ്യാധികൾ ഒന്നും ഇല്ലാത്തതിനാൽ മൃതദേഹം വിട്ടുനൽകുന്നതിന് തടസ്സമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തിങ്കളാഴ്ച വിളിച്ച ഉദ്യോഗസ്ഥൻ കോവിഡ് സ്ഥിരീകരിച്ചുവെന്നും മൃതദേഹം നാട്ടിലേക്ക് അയക്കാനാവില്ലെന്നും പറഞ്ഞുവത്രേ. മൃതദേഹം അവിടെ സംസ്‌കരിക്കാനുളള സമ്മതപത്രം ഒപ്പിട്ടു നൽകണമെന്നും പറയുന്നു. കൊറോണ പോസിറ്റീവ് ആയതിനുളള രേഖയൊന്നും കൈമാറുന്നില്ലെന്നുമാണ് പരാതി. ഇതോടെയാണ് വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് സ്ഥലം എം.പിയെയും എം.എൽ.എയെയും വിവരം അറിയിച്ചു പരാതി നൽകിയത്. മരണം ദുരൂഹമാണെന്നും മൃതദേഹം നാട്ടിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.