കണ്ണൂര്‍- റേഷന്‍ കടകളില്‍ മേല്‍നോട്ടത്തിന് അധ്യാപകരെ നിയമിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിന്റെ ഉത്തരവ്. കോവിഡ് പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരെയാണ് ജോലിക്ക് നിയോഗിക്കുക. കണ്ണൂരിലെ ഹോട്ട്‌സ്‌പോട്ടുകളിലായിരിക്കും ഇവര്‍ ജോലി ചെയ്യേണ്ടത്. യഥാര്‍ഥ ഉടമകള്‍ക്ക് തന്നെയാണ് റേഷന്‍ കിട്ടുന്നത് ഉറപ്പ് വരുത്താനാണ് അധ്യാപകരുടെ നിയമനം.
ഹോട്ട്‌സ്‌പോട്ടുകളിലെ ഓരോ റേഷന്‍ കടകളും നിലനില്‍ക്കുന്ന പ്രദേശത്തെ അധ്യാപകരെ അതാത് റേഷന്‍ കടകളില്‍ വിന്യസിക്കാനാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷന്‍ കിറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ചുമതല. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അധ്യാപകരുടെ സാന്നിധ്യത്തിലായിരിക്കണം റേഷന്‍ കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കേണ്ടത്.
വാര്‍ഡ് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്താവൂ എന്നും നിര്‍ദ്ദേശമുണ്ട്.
ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോള്‍ കാര്‍ഡ് ഉടമകളില്‍നിന്ന് ഇവര്‍ പ്രതിഫലമൊന്നും പറ്റുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈ ഓഫീസര്‍ക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല.
അധ്യാപകരെ റേഷന്‍ കടകളില്‍ ജോലിക്ക് വിന്യസിക്കുന്നത് സംബന്ധിച്ച ഉത്തരവുകള്‍ നഗരസഭകള്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും പഞ്ചായത്ത് ഉപഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. അധ്യാപകരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിക്ക് നിയോഗിക്കണം എന്നാണ് കലക്ടറുടെ നിര്‍ദ്ദേശം.