കണ്ണൂർ- ആലപ്പുഴക്ക് പിന്നാലെ കണ്ണൂരിലും അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രയ്ക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം നിരസിച്ച് ജില്ലാ കലക്ടര്‍.
സംസ്ഥാ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും പണം അതിഥി തൊഴിലാളികൾ തന്നെ വഹിക്കുമെന്നും കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കെപിസിസി നിർവാഹക സമിതിയംഗം മാർട്ടിൻ ജോർജും കലക്ടറേറ്റിൽ എത്തിയാണ് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറാൻ ശ്രമിച്ചത്.
ഈ മഹാമാരിക്കാലത്തും മുഖ്യമന്ത്രി രാഷ്ട്രീയ പ്രേരിതമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ഡിഡിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഴുവന്‍ തൊഴിലാളികളുടെയും ട്രെയിന്‍ ടിക്കറ്റ് തുക തങ്ങള്‍ വഹിക്കാമെന്ന് ആലപ്പുഴയിലെയും കണ്ണൂരിലെയും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.