ആലപ്പുഴ- കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാക്കൂലി ഏറ്റെടുക്കാമെന്ന ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാഗ്ദാനം നിരസിച്ച് ജില്ലാ കളക്ടര്‍.
ആലപ്പുഴയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലെ വിട്ടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ളുടെ യാത്രാ ചെലവിലേക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനമാണ് കളക്ടര്‍ എം അഞ്ജന നിരസിച്ചത്. ഇത് സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലെന്നും സാങ്കേതികപരമായ പ്രശ്‌നങ്ങളുണ്ടെന്നുമാണ് കളക്ടറുടെ വിശദീകരണം.
ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമനുസരിച്ചാണ് ഡിസിസി പണം നല്‍കാനുള്ള തീരുമാനം എടുത്തത്. കുടിയേറ്റ തൊഴിലാളികളില്‍നിന്ന് യാത്രയ്ക്ക് പണം ഈടാക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ആലപ്പുഴയില്‍നിന്ന് ഇന്ന് വൈകിട്ട് നാലിനാണ് തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെടുന്നത്. ബിഹാറിലേക്കാണ് യാത്ര. 930 രൂപയാണ് ഒരു തൊഴിലാളിയില്‍നിന്നും ടിക്കറ്റിന് ഈടാക്കുന്നത്. ലോക്ക്ഡൗണില്‍ ജോലിയില്ലാതെ മടങ്ങുന്ന തൊഴിലാളികളില്‍നിന്ന് സാധാരണ നിരക്കിലുള്ള ടിക്കറ്റ് ചാര്‍ജ് ഈടാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന് ഡിസിസി അറിയിച്ചത്.