ബുറൈദ- അൽ ഖസീമിലെ ഉനൈസയിൽ കൊല്ലം ഇഞ്ചവള പനയം സ്വദേശി ഹാലാം കുട്ടി (57) ഹൃദയാഘാതം മൂലം മരിച്ചു. സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. മാസങ്ങളായി കിഡ്‌നി, ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പ് ഉനൈസയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ ചികിത്സക്കായി പിന്നീട് ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അസുഖത്തിന് കുറവുണ്ടായതോടെ ഉനൈസയിലെ ബന്ധുവിന്റെ സഹായത്തോടെ താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു. പത്ത് ദിവസം മുൻപ് വീണ്ടും ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടനെ ബുറൈദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസത്തെ വിദഗ്ദ ചികിത്സക്കുശേഷം വീണ്ടും ഉനൈസയിലെ താമസ സ്ഥലത്തു വിശ്രമത്തിലായിരിക്കെ കഴിഞ്ഞ ദിവസം റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെ താമസിക്കുന്ന സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് ബന്ധുവായ റഹീം കുട്ടി ഉടനെ റൂമിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാഥമിക പരിശോധനകൾക്കു ശേഷം മൃതദേഹം ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലിലേക്ക് മാറ്റി. 20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം രണ്ടുവർഷമായി ഉനൈസയിൽ െ്രെഡവറായി ജോലി ചെയ്തു വരുന്നു. ഏഴു മാസം മുൻപാണ് അവസാനം നാട്ടിൽ പോയി വന്നത്. ഭാര്യ: ഷെരീഫ. മക്കൾ: നുജൂം, മുബീന. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനുവേണ്ടി ഉനൈസ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.