ദുബായ്- പ്രവാസി ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അതേ ശ്വാസത്തില്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു. യാത്ര സൗജന്യമായിരിക്കില്ല. കൈയില്‍നിന്ന് കാശ് മുടക്കി ടിക്കറ്റെടുത്ത് വേണം പോകാന്‍.
ഇതോടെ ആശങ്കയിലായിരിക്കുകയാണ് നല്ലൊരു വിഭാഗം പ്രവാസികളും. പ്രധാന കാരണം, വിമാന ടിക്കറ്റിന്റെ നിരക്ക് എങ്ങനെയായിരിക്കുമെന്നാണ്. സാധാരണഗതിയിലുള്ള നിരക്കോ, പ്രതിസന്ധി ഘട്ടത്തില്‍ ഇളവോട് കൂടിയ നിരക്കോ ആയിരിക്കുമെന്ന് ഉറപ്പു പറയാന്‍ സര്‍ക്കാര്‍ തയാറല്ലാത്ത സ്ഥിതിയില്‍ വിശേഷിച്ചും.
കുവൈത്തിലെ പ്രവാസികള്‍ക്ക് കുറച്ച് ആശ്വാസമുണ്ട്. സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് അവിടത്തെ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടുമില്ല.
മാസങ്ങളായി വിശ്രമിക്കുന്ന എയര്‍ലൈനുകള്‍ നഷ്ടം നികത്താനായി വന്‍തുക പ്രവാസികളുടെ മേല്‍ ടിക്കറ്റ് നിരക്കിന്റെ രൂപത്തില്‍ കെട്ടിവെക്കുമോ എന്നാണ് അവരുടെ ഭയം. നിരക്കിളവ് നല്‍കുമെന്ന് പറയാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ ഈ ഭയം കൂടുകയാണ്. നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് റെയില്‍വേ ടിക്കറ്റ് നല്‍കുന്നതില്‍പോലും ഉരുണ്ടുകളിച്ച സര്‍ക്കാര്‍ ഇക്കാര്യത്തിലും എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷയില്ല.
മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ, അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിക്കേണ്ടി വരുന്നവര്‍ക്ക് ഈ മടങ്ങിപ്പോക്ക് അത്ര ആശ്വാസകരമല്ലെന്നതാണ് യാഥാര്‍ഥ്യം. വിമാനങ്ങളിലെ യാത്രയും സാമൂഹിക അകലം പാലിച്ചായിരിക്കണമെന്നതിനാല്‍, സാധാരണയുടെ പകുതി യാത്രക്കാരെ മാത്രമേ ഓരോ വിമാനത്തിലും കൊണ്ടുപോകാനാകൂ. എന്നാല്‍ നഷ്ടം വഹിക്കാന്‍ വിമാനക്കമ്പനികള്‍ തയാറാവുകയുമില്ല. ആ ഭാരം പ്രവാസികളുടെ മുതുകത്ത് തന്നെയിരിക്കാനാണ് സാധ്യത കൂടുതല്‍. അല്ലെങ്കില്‍ സര്‍ക്കാരിന് വീണ്ടുവിചാരമുണ്ടാകണം.