Sorry, you need to enable JavaScript to visit this website.

പ്രവാസികളെ ഒഴിപ്പിക്കല്‍: യു.എ.ഇയില്‍നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക്

ദുബായ്- പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ടുപോകാനുള്ള നീക്കം അന്തിമ ഘട്ടത്തിലായിരിക്കെ, യു.എ.ഇയില്‍നിന്നുള്ള  ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലേക്കായിരിക്കും. ഒരെണ്ണം കൊച്ചിയിലേക്കും രണ്ടാമത്തേത് കോഴിക്കോട്ടെക്കുമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴിന് ആദ്യ വിമാനം പോകുമെന്നാണ് കരുതുന്നത്. അബൂദബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്ന് കോഴിക്കോട്ടെക്കുമായിരിക്കും വിമാനങ്ങള്‍.

രണ്ടു ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ആദ്യം ഏര്‍പ്പെടുത്തിയത് കേരളമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായി യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.

ചരിത്രത്തിലെ എറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണ് ഒരുങ്ങുന്നതെന്നും എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പോകേണ്ടവരുടെ പട്ടിക തയാറാക്കി എംബസി എയര്‍ ഇന്ത്യക്ക് കൈമാറും. തുടര്‍ന്നായിരിക്കും ടിക്കറ്റ് നല്‍കിത്തുടങ്ങുക. എയര്‍ ഇന്ത്യ വെബ് സൈറ്റ് മുഖേനയോ ഓഫീസുകളില്‍നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യ ദിവസം രണ്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കരുതുന്നില്ലെന്നും പവന്‍ കപൂര്‍ വ്യക്തമാക്കി.

എംബസിയുടെ വെബ് സൈറ്റ് വഴി ഇതുവരെ 197,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനായി റജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍  പറഞ്ഞു. ദുരിതത്തിലായ തൊഴിലാളികള്‍, കോവിഡ് അല്ലാത്ത രോഗികള്‍, ഗര്‍ഭിണികള്‍, സന്ദര്‍ശക വിസക്കാര്‍ എന്നിങ്ങനെയായിരിക്കും ആദ്യ പരിഗണന.

 

Latest News