വടകര - ലോക് ഡൗൺ കാരണം സ്വദേശമായ ബിഹാറിലേക്ക് പോകാനാകാതെ വടകരയിൽ കുടുങ്ങിയ ഒന്നാം ക്ലാസുകാരനുൾപ്പെടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടിലേക്ക് പോയി. ബിഹാറിൽ നിന്നെത്തി വടകര വിദ്യാ പ്രകാശ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന 13 വിദ്യാർത്ഥികളും അവരെ കൂട്ടാനെത്തിയ നാല് രക്ഷിതാക്കളുമാണ് ലോക് ഡൗണിനെ തുടർന്ന് സ്‌കൂളിൽ കുടുങ്ങിയത്. ഇതിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഹർഷവർദ്ധനായിരുന്നു ഏറ്റവും ചെറുത്. കഴിഞ്ഞ മാസം സ്‌കൂളിൽനിന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് പോകാനിരിക്കെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ യാത്ര മുടങ്ങി. അന്നു മുതൽ നാടിലേക്ക് പോകുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നെങ്കിലും നാട്ടിലേക്ക് പോകാനായില്ല. ഒടുവിൽ എല്ലാവരേയും ട്രെയിൻ മാർഗ്ഗം കൊണ്ടു പോകുമ്പോൾ ഇവർക്കും അവസരം ലഭിക്കുകയായിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞ് അവർ ബിഹാറിലെ നവാഡ് ജില്ലയിലേക്ക് പോയി.
നാട്ടിലെത്തിയാൽ എന്താണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അമ്മയെ കാണണം, ഒന്ന് തൊടണം എന്നായിരുന്നു ഹർഷവർധന്റെ മറുപടി. സഹോദരിമാരായ ഹാപ്പി, സലോനി എന്നിവരും ഈ കുരുന്നിനൊപ്പമുണ്ട്.