മക്ക - നുഅ്മാനിൽ വിദേശ തൊഴിലാളികൾ നടത്തിയിരുന്ന മദ്യനിർമാണ കേന്ദ്രം അസീസിയ ബലദിയയും മതകാര്യ പോലീസും സുരക്ഷാ വകുപ്പുകളും ചേർന്ന് റെയ്ഡ് ചെയ്തു. പ്രദേശത്തെ ഇസ്തിറാഹയിലാണ് വിദേശികൾ വൻതോതിൽ മദ്യം നിർമിച്ചിരുന്നത്. ഇവിടെ കണ്ടെത്തിയ 20,000 ലിറ്റർ മദ്യം അധികൃതർ നശിപ്പിച്ചു. മദ്യനിർമാണ കേന്ദ്രത്തിൽ കണ്ടെത്തിയ ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. മദ്യനിർമാണ കേന്ദ്രം നടത്തിയിരുന്ന വിദേശികൾ അധികൃതർക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടു.
അസീസിയ ബലദിയ പരിധിയിൽ അൽഹുസൈനിയയിൽ വിദേശികൾ നടത്തിയിരുന്ന മറ്റൊരു മദ്യനിർമാണ കേന്ദ്രം ബലദിയ ഉദ്യോഗസ്ഥരും മതകാര്യ പോലീസും സുരക്ഷാ വകുപ്പുകളും ചേർന്ന് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. അൽഹുസൈനിയയിലെ ഇസ്തിറാഹ കേന്ദ്രീകരിച്ചാണ് വിദേശികൾ മദ്യം നിർമിച്ചിരുന്നത്. വിതരണത്തിന് തയാറാക്കിയ 1000 ലിറ്റർ മദ്യവും മദ്യനിർമാണത്തിന് ഉപയോഗിച്ചിരുന്ന 87 വീപ്പകളും മറ്റു വസ്തുക്കളും അധികൃതർ നശിപ്പിച്ചു.