റിയാദ് - നികുതി വെട്ടിച്ച് വിദേശത്തു നിന്ന് കടത്തിയ സിഗരറ്റ് ശേഖരം സക്കാത്ത്, നികുതി അതോറിറ്റിയും വിവിധ വകുപ്പുകളും ചേർന്ന് പിടികൂടി. ഉത്തര റിയാദിലെ അൽഫലാഹ് ഡിസ്ട്രിക്ടിലെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് നികുതി സീലുകളില്ലാത്ത സിഗരറ്റ് ശേഖരം പിടികൂടിയത്. നികുതി സീലുകളില്ലാത്ത സിഗരറ്റുകൾ വിതരണം ചെയ്യുന്നതിന് ഉപയോഗിച്ച വാഹനവും അധികൃതർ കസ്റ്റഡിയിലെടുത്തു. സൂപ്പർ മാർക്കറ്റിലും വാഹനത്തിലും ഒളിപ്പിച്ചുവെച്ച 3530 പാക്കറ്റ് സിഗരറ്റും 33 ബണ്ടിൽ ഹുക്ക പുകയിലയും സൗദി കസ്റ്റംസുമായി ഏകോപനം നടത്തി സക്കാത്ത്, നികുതി അതോറിറ്റി കണ്ടുകെട്ടി.
പ്രാദേശിക വിപണിയിൽ അഞ്ചു ലക്ഷം റിയാൽ വിലവരുന്ന സിഗരറ്റ്, പുകയില ശേഖരമാണ് പിടികൂടിയത്. നികുതി സീലുകളില്ലാത്ത സിഗരറ്റ് വിൽപന നടത്തുന്നതായി റിയാദ് നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ആണ് സക്കാത്ത്, നികുതി അതോറിറ്റിക്ക് വിവരം നൽകിയത്. നികുതി വെട്ടിപ്പ് കേസിലെ കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കിവരികയാണ്.