ദുബായ്-കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായ് എക്‌സ്‌പോയുടെ തീയതി മാറ്റാനുള്ള നിര്‍ദേശത്തിന് അംഗീകാരം. 2021 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് പുതിയ തീയതി.
യു.എ.ഇ സര്‍ക്കാരിന്റേയും എക്‌സ്‌പോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അഭ്യര്‍ഥന പ്രകാരം ബ്യൂറോ ഓഫ് ഇന്റര്‍നാഷനല്‍ എക്‌സ്‌പോസിഷന്‍സ് ആണ് തീയതി മാറ്റത്തിന് അംഗീകാരം നല്‍കിയത്.
ദുബായ് എക്‌സ്‌പോ നീട്ടിവെക്കുന്നതിനുള്ള നിര്‍ദേശത്തില്‍ ബി.ഐ.ഇ ജനറല്‍ അസംബ്ലിയായ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏപ്രില്‍ 24 മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മെയ് 29 വരെ ഇത് തുടരും. എക്‌സ്‌പോ തീയതികളില്‍ മാറ്റം വരുത്തുന്നതിന് വോട്ടവകാശമുള്ള അംഗ രാജ്യങ്ങളില്‍ മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം വേണമെന്ന് ബി.ഐ.ഇ നിയമങ്ങള്‍ അനുശാസിക്കുന്നു.
ദുബായ് എക്‌സ്‌പോ ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാനുള്ള ബി.ഐ.ഇ അംഗ രാജ്യങ്ങളുടെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ദുബായ് എയര്‍പോര്‍ട്‌സ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂം പറഞ്ഞു.