റിയാദ്- അധ്യയന വർഷത്തിന്റെ രണ്ടാം പാദത്തിൽ സ്വകാര്യസ്‌കൂളുകൾ 50 ശതമാനം വരെ ഫീസ് കുറക്കുന്നു. ഇത് സംബന്ധിച്ച രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതരുടെ സന്ദേശമെത്തി. കുടിശ്ശിക ഫീസ് അടക്കണമെന്നും നേരത്തെ അടച്ച ഫീസ് വരും മാസങ്ങളിലേക്ക് നീക്കിവെക്കുമെന്നുമുള്ള അറിയിപ്പുകളാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്. കുടിശ്ശിക ഫീസ് ഈ മാസം അടക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സ്‌കൂളുകളുമുണ്ട്. എന്നാൽ ചില സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള വിദൂരവിദ്യാഭ്യാസത്തിന് വെബ്‌സൈറ്റുകൾ തുറന്നിട്ടുണ്ടെങ്കിലും ഫീസ് വാങ്ങാനുള്ള ഉപായമെന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. സ്വകാര്യസ്‌കൂളുകളിലെ ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് തന്നെ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സ്വകാര്യസ്‌കൂളുകളുടെ ഫീസ് വിഷയത്തിൽ ഇടപെടാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് അധികാരമില്ല. ട്യൂഷൻ ഫീസ് അവലോകനം ചെയ്യാൻ മാത്രമാണ് മന്ത്രാലയത്തിന് അധികാരമുള്ളത്. രക്ഷിതാക്കളും സ്വകാര്യസ്‌കൂളും തമ്മിലുള്ള കരാർ പ്രകാരമാണ് ഫീസ് അടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.