മാഹി- മാഹിയിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും 60 പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടെ ആരോഗ്യ വകുപ്പും പോലീസും അതീവ ജാഗ്രത തുടരുകയാണ്. ചെറുകല്ലായിയിൽ 61 കാരന്റെ പരിശോധനാ ഫലം പോസിറ്റീവായി. മാർച്ച് 19 ന് വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വന്ന എല്ലാവരേയും മാഹി ആരോഗ്യ വകുപ്പ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആ ടെസ്റ്റിലാണ് ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായത്. ഇയാളുടെ വീടിനടുത്താണ് ഇക്കഴിഞ്ഞ 10 ന് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ട മഹ്‌റൂഫ് (71) ന്റെ വീട്. മഹ്‌റൂഫിന്റെ രണ്ട് സുഹൃത്തുക്കൾക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചിരുന്നു. ഇവരിൽ ഒരാളിൽ നിന്നും അയാളുടെ കടയിലെ ജീവനക്കാരനും തൊട്ടടുത്ത ഷോപ്പിലെ ജീവനക്കാരിക്കും കോവിഡ് ബാധിച്ചിരുന്നു. കടയിലെ ജീവനക്കാരൻ വഴി അഴിയൂരിലെ മറ്റ് രണ്ട് പേർക്കും രോഗം പിടിപെട്ടിരുന്നു. ഇതേത്തുടർന്ന് മയ്യഴിയോട് ചേർന്നുള്ള നാല് കേരളീയ പഞ്ചായത്തുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചെറുകല്ലായി പ്രദേശം മുഴുവനായും അടച്ചിട്ടിരിക്കുകയാണ്. മാഹിയിൽ ഇപ്പോൾ ആശുപത്രിയിലുള്ള രണ്ട് പേർ ഉൾപ്പെടെ 60 പേർ നിരീക്ഷണത്തിലാണ്. പുതുച്ചേരി സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് മാഹിയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ 68 കാരിക്കാണ് ആദ്യമായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആരോഗ്യ വകുപ്പും പോലീസും അതീവ ജാഗ്രത പാലിക്കുകയും നിയന്ത്രണം കർശനമാക്കുകയും ചെയ്തിരിക്കുകയാണ്.