Sorry, you need to enable JavaScript to visit this website.

അറവു മാടുകളെ കിട്ടാനില്ല; ഇറച്ചി വ്യാപാരം വൻ പ്രതിസന്ധിയിൽ 

പത്തനംതിട്ട- ജില്ലയിൽ ഇറച്ചി വ്യാപാരം വൻ പ്രതിസന്ധിയിൽ. ലൈസൻസുളള 124 കടകളിൽ മുപ്പത്തിരണ്ട് കടകൾ അടച്ചു. മറ്റുള്ളവയുടെ പ്രവർത്തനം ഭാഗികം. അറവുമാടുകളുടെ ലഭ്യത ഇല്ലാതായതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഈസ്റ്ററിന് പോലും രാവിലെ തന്നെ കടകൾ അടക്കേണ്ട ഗതികേടിലായിരുന്നു കച്ചവടക്കാർ. ജില്ലയിൽ ഈ രംഗത്ത് വ്യാപാരികളും ജീവനക്കാരുമായി എഴുനൂറോളം പേരാണുള്ളത്. സംസ്ഥാനത്ത് മാട്ടിറച്ചി ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്. പ്രതിദിനം 500 ടൺ ഇറച്ചിയാണ് വിറ്റഴിയുക. വിൽപനശാലകൾ കൂടാതെ കോൾഡ് സ്‌റ്റോറേജുകളിലും മാളുകളിലും മാംസ വിൽപന നടക്കുന്നു. ഇതിനാവശ്യമായ മാടുകളെ സംസ്ഥാനത്ത് നാമമാത്രമായിട്ടു മാത്രമേ ലഭിക്കൂ. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് എത്തിച്ചിരുന്നത്. കോവിഡ് ബാധയും ലോക്ഡൗണും വന്നതോടെ അന്തർസംസ്ഥാന പാതകൾ അടച്ചു. 
അന്തർജില്ലാ റോഡുകളും അടച്ചതോടെയാണ് അറവു മാടുകളെ കയറ്റിയുള്ള ലോറി വരവു നിലച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തമിഴകത്തെ കമ്പം തേനി വഴി കുമളിയിലെത്തിയും, ആര്യങ്കാവ് ചെക്ക് പോസ്റ്റു കടന്നുമാണ് വരണ്ടത്. കേരളത്തിലെ പ്രധാന മാർക്കറ്റായ പാലക്കാട്ട് കുഴൽമന്ദത്തു നിന്നു വാങ്ങിയാലും പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകൾ താണ്ടണം. മറ്റൊരു പ്രതിസന്ധി തമിഴകത്തെ കാലിച്ചന്തകൾ അടച്ചിട്ടിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഗ്രാമങ്ങളിൽ എത്തി നേരിട്ടാണ് അറവുമാടുകളെ വാങ്ങുന്നത്. ഇത് വില വർധനക്ക് കാരണമാകുന്നു. ഇങ്ങനെ കഷ്ടപ്പെട്ടു വാങ്ങിക്കൊണ്ടു വരുമ്പോൾ തടയപ്പെടുന്നതാണ് കൂടുതൽ വിനയാകുന്നത്.

 

Latest News