അബഹ- പതിനഞ്ചു വർഷത്തിനിടെ ഇതാദ്യമായി ഈ റമദാനിൽ അബഹയുടെ വടക്ക് ഭാഗത്തെ അൽമശ്ഹദ് സ്ട്രീറ്റിലെ സമ്മൂസ സൂഖിൽ റമദാൻ വിഭവങ്ങളില്ല. പകരം അത് പഴം, പച്ചക്കറി മാർക്കറ്റായി മാറിയിരിക്കുന്നു.
തനി നാടൻ സൗദി വിഭവങ്ങൾ ലഭ്യമായിരുന്ന ഈ സൂഖ് കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായാണ് പച്ചക്കറി മാർക്കറ്റാക്കി മാറ്റിയത്.
റമദാനിൽ വീട്ടുപകരണങ്ങളും ഭക്ഷ്യവസ്തുക്കളുമടക്കം ലഭിക്കുന്ന ഈ സൂഖ് പ്രദേശത്തുകാരുടെ ഒത്തുചേരൽ കേന്ദ്രം കൂടിയിയായിരുന്നു. പതിനായിരം ചതുരശ്ര മീറ്റർ ചുറ്റളവുള്ള സൂഖ് 15 വർഷം മുമ്പാണ് തുറന്നത്.
അസീർ മുനിസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസെടുത്ത 200 ഓളം സൗദി പൗരന്മാരുടെ ബസ്തകൾ ഇവിടെയുണ്ട്. കുടിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വേദിയെന്ന നിലക്കാണ് നഗരസഭ ഈ മാർക്കറ്റിന് ലൈസൻസ് നൽകിയത്. റമദാനിൽ മൂന്നു മണിക്കൂർ സമയമാണ് ഇവിടെ കച്ചവടം നടക്കാറുള്ളത്.
സമൂഹ സമ്പർക്കം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ മാർക്കറ്റ് അടച്ചതെന്ന് നഗരസഭ ലൈസൻസ് വിഭാഗം മാനേജർ മുഹമ്മദ് അൽആവീ പറഞ്ഞു. 15 ഓളം ബസ്തകളിൽ താൽക്കാലികമായാണ് പച്ചക്കറി കച്ചവടം നടക്കുന്നത്. കച്ചവടക്കാർ മാസ്‌കും കൈയുറയും ധരിക്കൽ നിർബന്ധമാണ്. അതോടൊപ്പം സാമൂഹിക അകലം പാലിക്കുകയും വേണം. എല്ലാ ദിവസവും ഇവിടെ നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.