Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം: മിനിമം വേതനവും ഏകീകൃത തൊഴിൽ നികുതിയും നടപ്പാക്കണമെന്ന് പഠന റിപ്പോർട്ട്

റിയാദ്- സൗദി പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരം ലഭിക്കണമെങ്കിൽ മിനിമം വേതനം നിശ്ചയിക്കണമെന്നും ഏകീകൃത തൊഴിൽ നികുതി ഏർപ്പെടുത്തണമെന്നും പഠന റിപ്പോർട്ട്. സൗദി സെൻട്രൽ ബാങ്കായ സാമയുമായി സഹകരിച്ച് കിംഗ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്റർ പത്ത് മേഖലകളിൽ നടത്തി തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഈ നിർദേശമുളളത്.
സൗദികൾക്കും വിദേശികൾക്കും മിനിമം വേതനം നിശ്ചയിക്കുക, ഏകീകൃത തൊഴിൽ നികുതി നടപ്പാക്കി സൗദി ജീവനക്കാരുടെ മിനിമം അനുപാതം ഉയർത്തുക, പ്രാദേശിക ഉൽപന്നങ്ങൾക്ക് ആവശ്യകത വർധിപ്പിക്കുക, ഏകീകൃത നയങ്ങൾക്ക് പകരം മേഖലാ തലത്തിൽ നയങ്ങൾ രൂപകൽപന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നിങ്ങനെ നാലു നിർദേശങ്ങളാണ് റിപ്പോർട്ടിൽ സെന്റർ സമർപ്പിച്ചിരിക്കുന്നത്. 


രാജ്യത്തെ പത്ത് ബിസിനസ് മേഖലകളിൽ 1995 നും 2016 നും ഇടയിലെ കാലയളവിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. 2005 മുതൽ 2017 വരെയുള്ള കാലഘട്ടങ്ങളിൽ തൊഴിൽ വിപണിയിലെ പരിഷ്‌കരണങ്ങൾ വഴി ഈ പത്ത് മേഖലകളിലും വിദേശികളുടെ ആശ്രയത്വം കുറഞ്ഞു വന്നിട്ടുണ്ട്. കൃഷി, കെട്ടിട നിർമാണം, മൊത്ത - ചില്ലറ വ്യാപാരം, ഹോട്ടൽ- റസ്റ്റോറന്റ് മേഖല, ഇൻഷുറൻസ് അടക്കമുള്ള ധന മേഖല, എണ്ണേതര ഉൽപാദന മേഖല, ട്രാൻസ്‌പോർട്ട്, ടെലികോം, വൈദ്യുതി, വാതക മേഖല എന്നിവയിലാണ് സെന്റർ പഠനം നടത്തിയത്.


സൗദി ജീവനക്കാരുടെ എണ്ണത്തിൽ വർധന വൈദ്യുതി, വാതക, ജല മേഖലയിലാണ് കൂടുതൽ പ്രകടമായത്. 81.2 ശതമാനമാണ് ഈ മേഖലയിലെ വളർച്ച. എണ്ണേതര നിക്ഷേപ മേഖലയിൽ 80 ശതമാനവുമുണ്ട്. എന്നാൽ കൃഷി, വനം മേഖലയിൽ 3.8 ശതമാനം മാത്രമേയുള്ളൂ. ഈ മേഖലയിൽ വിദേശികളുടെ നിയമനം 96.8 ശതമാനമാണ്. കെട്ടിട നിർമാണ മേഖലയിൽ 87.2 ശതമാനം, ജലം, വൈദ്യുതി, വാതക മേഖലയിൽ 18.8 ശതമാനം എന്നിങ്ങനെയാണ് വിദേശികളുടെ സാന്നിധ്യം.
തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമാക്കി കുറക്കാനും വനിതകളുടെ സാന്നിധ്യം 30 ശതമാനത്തിലേക്ക് ഉയർത്താനും പെട്രോളിയം മേഖലയിൽ അത് 75 ശതമാനമായി ഉയർത്താനും വിഷൻ 2030 ലക്ഷ്യമിടുന്നുണ്ട്.

Latest News