കല്‍പറ്റ- വയനാട്ടിലെ അതിഥി തൊഴിലാളികള്‍ക്കു നാട്ടിലേക്കു മടങ്ങുന്നതിനു സംവിധാനം ഏര്‍പ്പെടുത്തിവരികയാണെന്നു ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. കോഴിക്കോടുനിന്നു ആദ്യ ട്രെയിന്‍ നാളെ ഒരുക്കുന്നതിനാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍
5,888 പേരാണ് തിരിച്ചുപോകാന്‍ താത്പര്യം അറിയിച്ചത്. ഇതില്‍ 3,750 പേര്‍ പശ്ചിമബംഗാളില്‍നിന്നുള്ളവരാണ്. ആദ്യ ട്രെയിന്‍ പശ്ചിമബംഗാളില്‍നിന്നുള്ളവര്‍ക്കായിരിക്കും. 1,200 പേരെയാണ് ഒരു ട്രെയിനില്‍ അയയ്ക്കുക. മൂന്ന് ട്രെയിനുകള്‍ അവര്‍ക്കായി ഒരുക്കും. എണ്ണത്തില്‍ കുറവുള്ള സംസ്ഥാനക്കാരെ മറ്റ് ജില്ലകളില്‍നിന്നു ഒരുക്കുന്ന ട്രെയിനുകളില്‍ യാത്രയാക്കും. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കു അവര്‍ ആവശ്യപ്പെടുന്നപ്രകാരം വാഹനസൗകര്യം ഏര്‍പ്പെടുത്തും.