Sorry, you need to enable JavaScript to visit this website.

വർത്തമാന കാലത്തെ സാക്ഷ്യപ്പെടുത്തുന്ന കവിതകൾ

സോണിയ ഷിനോയ്

കവിതകൾ ലോകത്തെ ചലിപ്പിക്കണമെങ്കിൽ അത് രാഷ്ട്രത്തെ സംബോധന ചെയ്യുന്നതും വ്യവസ്ഥിതികളോട് കലഹിക്കുന്നതുമായിരിക്കണം. തികച്ചും ആത്മശുശ്രൂഷാപരമായ കാവ്യ നിർമിതിയുടെ പാതയിൽ നിന്നും വ്യതിചലിച്ച് പരശുശ്രൂഷാപരമായ കാവ്യരീതി അവലംബിക്കുമ്പോൾ തീർച്ചയായും അത് സാമൂഹ്യ കേന്ദ്രീകൃതമായി മാറുന്നു. രാഷ്ട്ര ബോധവും സാമൂഹ്യ ബോധവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു കവിക്ക്, പ്രസ്തുത രീതി അവലംബിക്കാതെ തരമില്ല. പ്രവാസ ലോകത്തെ ശ്രദ്ധേയായ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സോണിയ ഷിനോയിയുടെ പ്രഥമ കവിതാ സമാഹാരമായ 'ആകയാൽ സാക്ഷ്യപ്പെടുത്തുന്നു' എന്ന കൃതി മേൽപറഞ്ഞ വാദഗതികളെ സാക്ഷ്യപ്പെടുത്തുന്നതാണ്. സ്വന്തത്തിൽ തുടക്കമിട്ട്, രാഷ്ട്രത്തിലേക്കും ലോകത്തിലേക്കും അതിരുകൾ വരയ്ക്കാതെ സ്വയം സഞ്ചരിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളുമെങ്കിലും ചിലത് തികച്ചും വൈയക്തികമായ വൈകാരിക തലങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട്. ചില സങ്കട മുഖങ്ങളും തുന്നിച്ചേർത്ത ജീവിതങ്ങളും ചേർത്തു വെച്ചാണ് അത്തരം കവിതകൾ സോണിയ ഷിനോയ് ആവിഷ്‌കരിച്ചത് .
ചുട്ടെരിക്കപ്പെട്ട വാക്കുകൾ കൊണ്ട് തീർത്ത ഈ കൃതിയിൽ ചീഞ്ഞു പുകയുന്ന വർത്തമാന കാലത്തെ അണയ്ക്കുവാനുള്ള ചിന്തകളെ ഉൽപാദിപ്പിക്കുന്നുണ്ട് ഇതിലെ ഓരോ നീറ്റെഴുത്തുകളും. ദേശീയതയുടെ അതിർവരമ്പുകളിൽ പങ്കുവെക്കാൻ വിധിക്കപ്പെടുന്ന വെയിലിന്റെയും കാറ്റിന്റെയും വ്യഥകൾ കൂടിയാണ് ഇതിലെ മിക്ക കവിതകളും. പലപ്പോഴും കവിതകളിൽ വെയിലും കാറ്റും മനുഷ്യരായും രൂപാന്തരപ്പെടുന്നുണ്ട്. ദേശസ്‌നേഹം ദേശഭക്തിയായും ദേശഭക്തി ഒടുക്കം ഭ്രാന്തായും മാറുമ്പോൾ ഒരേ നദിയുടെ ഇരുകരകളായി മാറേണ്ടവർ അങ്ങനെയല്ലാതാവുന്നു. ഒരിക്കലും തീരാത്ത തീക്കനൽപെയ്ത്തായി, രണ്ട് രീതിയിൽ കത്തിപ്പടരുന്ന വികാരങ്ങളായി മാറുന്നു മതവും ദേശീയതയും.

ഭ്രാന്തന്റെ ഭാഷാവരത്തിലേക്ക് കടന്നു ചെല്ലുമ്പോൾ തെരുവിന്റെ ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തി ആവിഷ്‌കരിക്കുന്നു കവി. ചോരക്കറയാർന്ന അറിവിന്റെ വാക്കിൽ ഉന്മാദിയാകുന്ന മനുഷ്യന്റെ നോവുകളൊക്കെയും നരവംശ ശാസ്ത്ര പാഠങ്ങളായിമാറുന്നു. പരുവപ്പെടൽ എന്ന കവിതയിലെത്തുമ്പോഴേക്കും ശക്തമായ മാനവിക മുഖമാണ് കവി അനാവൃതമാക്കുന്നത്. ഫാസിസത്തിനെതിരെയുള്ള മൂർച്ചയുള്ള വാക്കുകളുടെ സമ്മേളനമാണ് ഈ കവിത. ഫാസിസത്തെ കപ്പൽചാലിൽ മറഞ്ഞിരിക്കുന്ന വമ്പൻ മഞ്ഞുമലകളുടെ തുമ്പായി വരച്ചിടുകയാണ് കവി. നിസ്സാരമായി കരുതി മാറ്റിനിർത്തിയാൽ ഒടുക്കം ഉന്മൂലനം ചെയ്തു കളയും.
തന്നിലെ ദ്വന്ദമുഖത്തെ അനാവരണം ചെയ്യുന്ന കവിതയാണ് അപകർഷം. ഞാൻ എന്നിലേക്ക് ഇറങ്ങിച്ചെല്ലുന്ന കവിത. ഓരോ ഇതളനക്കത്തിലും ജീവിതത്തെ കരുതിയിരിക്കേണ്ട പ്രണയിനിയുടെ വ്യഥകളാണ് തുന്നിച്ചേർത്തത് എന്ന കവിതയിൽ. നാട് നീളെ ചിതറിപ്പോയ പെൺ നിലവിളികളെ വാരിക്കൂട്ടാൻ വെപ്രാളപ്പെടുന്ന പെൺഹൃദയമായി അവൾ മാറുന്നു. ഉടലാകെ കീറിമുറിക്കപ്പെട്ട അവൾക്ക് നേരെ പെയ്‌തൊഴിയുന്നത് പരിഹാസം തുന്നിച്ചേർത്ത നാട്ടുചിരികളാണ്. എല്ലാത്തരത്തിലുമുള്ള വലിഞ്ഞു മുറുകലുകളിൽ നിന്നും മുക്തയാകാൻ ശേഷിപ്പുകളൊക്കെയും ഇല്ലാതാക്കിയവളാണ് അവൾ.


പാട്ടിന്റെ തീവണ്ടി മുറി (വു) കൾ എന്ന കവിത വിശപ്പിന്റെയും നിരാസത്തിന്റെയും തിരസ്‌കരണത്തിന്റെയും കവിതയാണ്. സ്വയം വെന്തു മലരുന്ന പാട്ടുകാരിയിലൂടെയാണ് കവിത സഞ്ചരിക്കുന്നത്. ഓരോ മനുഷ്യരിലും അന്തർലീനമായിരിക്കുന്ന ആർത്തിയെ അനാവരണം ചെയ്യുന്നതാണ് കവിത. എന്റെ വിശപ്പിൽ നിന്നും പൊതുവിശപ്പിലേക്ക് കവിത പരകായപ്രവേശം നടത്തുന്നു. അനന്തമായി കിതച്ച്, ഒരേ താളത്തിൽ മുറിഞ്ഞു പോകുന്ന പാട്ടുകാരിയുടെ ജീവിതം ത്രിമാന ചിത്രമെന്ന പോലെ വരച്ചിടുന്നു കവി പ്രസ്തുത കവിതയിൽ. മനുഷ്യ ജീവിത ചക്രത്തിന്റെ വിവിധങ്ങളായ അവസ്ഥാന്തരങ്ങളുടെ ഒടുക്കമാണ് Memories Are Jailed അഥവാ J L മൊമ്മോറിയൽ ആശുപത്രിയുടെ നാലാം നില എന്ന കവിത . തുറുങ്കിലടക്കപ്പെട്ട ഓർമകളാണ് കവിത പ്രധാനമായും പ്രതിപാദിക്കുന്നത്. ഭ്രമാത്മകമായ ഒറ്റയിരിപ്പുകളുടെയും എരിപൊരി കൊള്ളുന്ന വൃദ്ധ സഞ്ചാരങ്ങളുടെയും ആവിഷ്‌കാരമാണീ കവിത. മറവികൾ ചുറ്റിച്ചൂഴുന്ന ഇഴ പിരിഞ്ഞ ജീവിത സഞ്ചാരങ്ങൾ ഒടുക്കം മണ്ണിലിറങ്ങുന്നു.
ഒരു ചെറുകാറ്റായി തുടങ്ങി കൊടുങ്കാറ്റായി മാറുന്ന നാൽപത്തി രണ്ട് കവിതകളാണ് ആകയാൽ സാക്ഷ്യപ്പെടുത്തുന്നു എന്ന സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഐ ബുക്‌സ് ആണ് പ്രസാധകർ. പേജ് 95. വില 100 രൂപ

Latest News