Sorry, you need to enable JavaScript to visit this website.

സയനോരക്ക് സംഗീതം സമര മുഖം 

സയനോര കോൾ സെന്ററിൽ 
സയനോര പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ (ഫയൽ)
സയനോര പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ (ഫയൽ)

സാമൂഹ്യ സേവന രംഗത്ത് പുതിയ മാതൃകകൾ കാട്ടുന്നതിൽ ശ്രദ്ധേയയാണ് കണ്ണൂരിന്റെ ഗായികയായ സയനോര ഫിലിപ്പ്. ലോകം ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്ന കോവിഡ് കാലത്തും പ്രളയം സകലതും തകർത്തെറിഞ്ഞ സമയത്തും ആശ്വാസവുമായി ഇവർ സമൂഹത്തിൽ സജീവമായിട്ടുണ്ട്. കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുന്ന ജനങ്ങൾക്കായി മരുന്നും ഭക്ഷണവും എത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ കോൾ സെന്ററിലായിരുന്നു സയനോരയുടെ സേവനം. ഓരോ വിളിക്കും കാതോർത്ത് അവശ്യസാധനങ്ങളുടെ ലിസ്റ്റ് എഴുതിയെടുത്ത ശേഷം താൻ ഗായിക സയനോരയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ അവർ കാണിക്കുന്ന സ്‌നേഹവും ആഹ്‌ളാദവുമാണ് ഈ കലാകാരിയുടെ ഊർജം. 
കേരളം നടുങ്ങിയ രണ്ട് പ്രളയ കാലങ്ങളിലും ഭക്ഷണവും വസ്ത്രവും അവശ്യമരുന്നുകളും എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സെന്ററിൽ ദിവസങ്ങളാളം കൈമെയ് മറന്ന് സേവനത്തിനായി സയനോര ഉണ്ടായിരുന്നു.
കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്ത ആദ്യ പേരുകളിൽ ഒന്നായിരുന്നു സയനോരയുടേത്.
കണ്ണൂരിൽ സാമൂഹ്യ സേവനവുമായി ബന്ധപ്പെട്ട ഏത് പരിപാടികളിലും ഈ യുവ ഗായികയെ കാണാം. കൊടിയുടെ നിറം നോക്കാതെ നല്ലതിനൊപ്പം നിൽക്കാനും വേദനിക്കുന്നവർക്കായി തനിക്കാവുന്നതു ചെയ്യാനും ഈ കണ്ണൂർകാരി സമയം കണ്ടെത്തുന്നുവെന്നത് മാതൃകാപരമാണ്. അത് ബീച്ച് റൺ ആയാലും രക്തദാനമായാലും മാരത്തണായാലും അന്നദാനമായാലും സയനോര മുന്നിലുണ്ടാകും.


കൈ കോർത്ത് കണ്ണൂർ എന്ന കൂട്ടായ്മയിലൂടെയാണ് സാമൂഹ്യ സേവനം.
ദുരിത കാലങ്ങളാണ് സന്നദ്ധ സേവനത്തിന് ഏറ്റവും അനുയോജ്യമായ കാലമെന്നും തങ്ങൾ ചെയ്യുന്ന സേവനങ്ങൾ ഉചിതമായ കരങ്ങളിൽ തന്നെയെത്തുമെന്നും വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പുന്നതിനപ്പുറം മറ്റൊരു പുണ്യ പ്രവൃത്തിയില്ലെന്നും വിശ്വസിക്കുന്ന ഈ കലാകാരി സമൂഹത്തിന് മാതൃകയാവുന്നതും നിസ്വാർഥ സേവനത്തിലൂടെയാണ്.
സ്വയം ചിട്ടപ്പെടുത്തി പാടിയ ബേം കീ ബേം കീ ഗാനത്തിലൂടെ ലോകമൊന്നാകെ കൈ കോർത്തതിന്റെ ആവേശവും ഈ സേവന പ്രവർത്തനങ്ങളുടെ ഊർജമാണ്.

***    ***    ***

രണ്ടു വർഷം മുമ്പാണ്. കണ്ണൂരിൽ വെച്ച് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. പടത്തിൽ ഉപയോഗിക്കാൻ കണ്ണൂർ സ്ലാംഗിലുള്ള ഒരു പാട്ട് വേണമെന്ന് സംവിധായകന് തോന്നി. പാട്ടെഴുതാൻ മലയാളത്തിലെ പ്രമുഖരായ പല രചയിതാക്കളുടെയും പേരുകൾ ഉയർന്നു വന്നു. പക്ഷേ, അവരെയെല്ലാം ഒഴിവാക്കി അവസാനം അദ്ദേഹം തെരഞ്ഞെടുത്തത് തന്റെ പരിചയത്തിലുള്ള ക ണ്ണൂരുകാരിയും ഗായികയുമായ സയനോര ഫിലപ്പിനെയാണ്. ഒരു ബസിൽ നിന്നും ആളുകൾ ഇറങ്ങുന്ന സീക്വൻസൊക്കെ ഉള്ളിടത്ത് ഉപയോഗിക്കാനാണ് ഗാനം എന്നദ്ദേഹം സൂചിപ്പിച്ചു. അതിന് അനുയോജ്യമായ വിധത്തിൽ ആദ്യത്തെ ഏതാനും വരികൾ സയനോര അവർക്ക് എഴുതി നൽകി. പക്ഷേ, സംഗീതം പകർന്നപ്പോൾ പാട്ട് അവർ ഉദ്ദേശിച്ചതു പോലെ ആയില്ല. അതിനാൽ അവരത് ഉപേക്ഷിച്ചു. അതോടെ ആ പാട്ടിന്റെ കഥ കഴിയേണ്ടതാണ്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇന്നിപ്പോൾ യൂ ട്യൂബിൽ 14 മില്യണിലധികം ആളുകൾ സയനോരയുടെ വേറിട്ട സ്വരത്തിലുള്ള ആ പാട്ട് കണ്ടും കേട്ടും ആഘോഷമാക്കിയിരിക്കുകയാണ്. അതും ഒരു വർഷത്തിനുള്ളിൽ!
ബേങ്കീ..ബേങ്കീ..ബൂം..ബൂം
ബേങ്കീ..ബേങ്കീ..ബൂം
ഏടിയാന്നപ്പാ പോയിന്
എന്ത്ന്നാന്നപ്പാ കയിച്ചിന്
കുഞ്ഞളേന്റെ വീട്ടില് പോയിറ്റ്
കുടുക്കാച്ചി ബിരിയാണി കയിച്ചിന്.. എന്ന ഗാനമാണത്.
സിനിമയിൽ ഉപയോഗിക്കാൻ എഴുതി ഉപേക്ഷിച്ച ഗാനം പിന്നീടൊരിക്കൽ കപ്പ ടി.വിയുടെ മ്യൂസിക് മോജു പരിപാടിയിൽ അവതരിപ്പിക്കാൻ സയനോര ഫിലിപ്പ് തയാറാവുകയായിരുന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലെ അധ്യാപകനായ വൈശാഖ് സുഗുണനാണ് പാട്ടിന്റെ ബാക്കി വരികൾ എഴുതിയത്. ബേങ്കീ..ബേങ്കീ..ബൂം..ബൂം..എന്നാൽ വേഗം ഇറങ്ങൂ..അല്ലെങ്കിൽ വീഴും എന്നാണർഥം. കണ്ണൂരിൽ എവിടെ ചെന്നാലും ബസുകളിൽ നിന്ന് ക്ലീനർമാരുടെ ഈ പല്ലവി കേൾക്കാം. 


മാതൃഭൂമിയുടെ കപ്പ ചാനലിലെ മ്യൂസിക് മോജു പരിപാടിയിൽ ആദ്യം  വന്ന സമയത്ത് തന്നെ ശ്രദ്ധേയമായി തീർന്നിരുന്നു ഈ ഗാനം. കണ്ണൂരിന്റെ തനത് പ്രാദേശിക ഭാഷയിലൂടെ നാട്ടിലും മറുനാട്ടിലുമുള്ള മലയാളികളെ വ ല്ലാതെ വശീകരിക്കാൻ ഈ പാട്ടിനായി. മലയാളികളുടെ മനസ്സിൽ എവിടെയൊക്കെയോ വെറുപ്പിന്റെ കറുപ്പ് വീഴ്ത്തിയ കണ്ണൂരിന്റെ തലവര തന്നെ ഒരർഥത്തിൽ ഈ ഗാനം മാറ്റിയെടുക്കുകയായിരുന്നു.
കണ്ണൂരിന്റെ പ്രാദേശിക ഭാഷയെ പാട്ടിൽ കൊണ്ടുവരുമ്പോൾ മലയാളികൾ പൊതുവെ അതെങ്ങനെ സ്വീകരിക്കും എന്ന ആശങ്കയൊന്നും സയനോര ഫിലിപ്പിന് ഉണ്ടായിരുന്നില്ല. സത്യത്തിൽ അതിനെ കുറിച്ചൊന്നും അവർ  അപ്പോൾ ആലോചിച്ചിരുന്നതേയില്ല. ഒരു നല്ല പാട്ടെഴുതി മികവുറ്റ രീതിയിൽ കമ്പോസ് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യം. ഇന്നിപ്പോൾ എവിടെ ചെന്നാലും സയനോരയോട് ആ പാട്ട് പാടാനാണ് ആളുകൾ ആദ്യം ആവശ്യപ്പെടുന്നത്. കണ്ണൂരിന്റെ മാത്രം ഭാഷയെ മലയാളികൾ മുഴുവൻ അങ്ങേറ്റെടുത്തു എന്നു തന്നെയല്ലേ അത് കാണിക്കുന്നത് എന്ന് സയനോര ചോദിച്ചു. ഈയിടെ റിമി ടോമിയുടെ ഒരു ടി.വി പരിപാടിക്ക് പോയപ്പോൾ ഓഡിയൻസ് ആവ ശ്യപ്പെട്ടതും ആ പാട്ട് പാടാൻ തന്നെയാണ്. രസകരമായ കാര്യം റിമിയൊക്കെ ധരിച്ചു വെച്ചിരുന്നത് ബേങ്കീ..ബേങ്കീ എന്നത് സയനോര ഉണ്ടാക്കിയ പുതിയ ഏതോ വാക്കാണ് എന്നായിരുന്നു. 
പക്ഷേ, ആ പാട്ട് എഴുതിയപ്പോഴോ കമ്പോസ് ചെയ്യുമ്പോഴോ അവതരിപ്പിക്കുമ്പോഴോ അത് ഇത്രയും ഹിറ്റാകുമെന്ന് സയനോര കരുതിയിരുന്നില്ല. കുറെ കണ്ണൂരുകാർ ഇഷ്ടപ്പെടുമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഇതിപ്പോൾ കേ രളത്തിലും പുറത്തു നിന്നും വിദേശത്തു നിന്നുമൊക്കെയായി അനേകം പേരാണ് വിളിച്ച് ആ പാട്ടിനോടുള്ള ഇഷ്ടം അറിയിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അക്കൂട്ടത്തിലുണ്ട്. ശാഠ്യം പിടിച്ചു കരയുന്ന കുട്ടികൾ ആ പാട്ട് കേട്ട് കരച്ചിൽ നിർത്തി കളിയും ചിരിയുമായി നടക്കുന്നതിന്റെ വീഡിയോ വരെ ചിലർ സയനോരക്ക് അയച്ചു കൊടുക്കുകയുണ്ടായി.
അതേസമയം അപ്രതീക്ഷിതമായി വൻ വിജയമായിത്തീർന്ന പാട്ടാണത് എന്നു പറയാനും കഴിയില്ല എന്ന് സയനോര പറഞ്ഞു. ആ പാട്ട് അത്രയും ഗംഭീരമായി ഒരുക്കിയെടുക്കാൻ അവരും അവരുടെ സംഗീത ട്രൂപ്പായ ഡിൻചിക് നേഷനും  കഠിനമായി പരിശ്രമിച്ചിരുന്നു. കൂടാതെ നെഞ്ചകത്ത് നേരു ള്ള നാടിത്, ചങ്ക് തരും ചങ്ങാതിമാരുള്ള നാടിത് തുടങ്ങിയ വരികൾ കണ്ണൂരിനെ കുറിച്ചുള്ള ചില പൊതു ധാരണകൾ മാറ്റാൻ ഉപകരിച്ചു എന്നും അവർ കരുതുന്നു. ആ പാട്ടിലൂടെ മലയാളിക്ക് കണ്ണൂരുകാരോടുള്ള ഒരിഷ്ടം കൂടിയിട്ടുണ്ട്. അതിന്റെയൊക്കെ ഫലമാണ് ആ പാട്ട് നേടിയ വൻവിജയം എന്നാണ് സയനോരയുടെ വിലയിരുത്തൽ. 
കുടുക്കാച്ചി ബിരിയാണി എന്ന പ്രയോഗം ആ പാട്ടിലെ പഞ്ചായിരുന്നു. സത്യത്തിൽ അങ്ങനെ ഒരു ബിരിയാണി ഇല്ല. കുടുക്ക ബിരിയാണിയാണ് ഉദ്ദേശിച്ചത്. എഴുതിയപ്പോൾ ഒന്ന് മൊഞ്ചാക്കി കുടുക്കാച്ചി എന്നാക്കിയതാണ്. പിന്നെ അത് മാറ്റി കിടുക്കാച്ചി എന്നാക്കാൻ ശ്രമിച്ചപ്പോൾ പാട്ടിന്റെ ബാക്കി ഭാഗം എഴുതിയ വൈശാഖ് സുഗുണനാണ് പറഞ്ഞത് അത് അങ്ങനെ തന്നെ കിടക്കട്ടെ എന്ന്. അതിശയമുള്ളൊരു കാര്യം അടുത്ത കാലത്ത് സയനോര ദു ബായിൽ പോയപ്പോൾ അവിടെ ഒരു റസ്റ്റോറന്റിൽ കുടുക്കാച്ചി ബിരിയാണി കണ്ടു എന്നുള്ളതാണ്. ഇവിടെ കണ്ണൂരിലും അതിപ്പോൾ പ്രചാരത്തിലായിട്ടുണ്ട് എന്നവർ അഭിമാനത്തോടെ പറഞ്ഞു. 


5 ാം വയസ്സിൽ കർണാട്ടിക് സംഗീതം പഠിക്കാൻ തുടങ്ങിയതാണ് സയനോര. 12 വർഷത്തോളം അത് തുടരുകയും ചെയ്തു. കണ്ണൂർ സെന്റ് തെരേസാസിൽ പഠിക്കുന്ന സമയത്ത് കവിതയും ശാസ്ത്രീയ സംഗീതവുമാണ് അവർ അവതരിപ്പിച്ചിരുന്നത്. 7 ാം ക്ലാസിൽ ആയിരുന്നപ്പോൾ സ്‌കൂൾ കലോത്സവത്തിൽ ക്ലാസിക്കൽ മ്യൂസിക്കിന് ഒന്നാം സ്ഥാനം കിട്ടിയിരുന്നു. കണ്ണൂർ എസ്.എൻ കോളേജിൽ പഠിക്കുന്ന സമയത്താണ് മാതൃഭൂമി ഫെസ്റ്റും ടാലന്റ് ഹണ്ടും ഒക്കെ വരുന്നത്. അതിലേക്ക് വേണ്ടിയാണ് വെസ്റ്റേൺ മ്യൂസിക് പാടാൻ തുടങ്ങിയത്. അക്കാലത്ത് ഡോറേമി എന്ന പേരിൽ അവർക്കൊരു മ്യൂസിക് ബാന്റും ഉണ്ടായിരുന്നു. ഇന്നത്തെ അവിയൽ മ്യൂസിക് ബാന്റിലെ പ്രസിദ്ധ ഡ്രമ്മറായ മിഥുൻ പുത്തൻ വീട്ടിൽ (മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മകൻ) അന്ന് ആ ബാന്റിലെ പ്രധാനിയായിരുന്നു. 
സംഗീതത്തിൽ സയനോരയുടെ ഗുരു അച്ഛൻ ഫിലിപ്പ് ഫെർണാണ്ടസ് തന്നെയാണ്. അദ്ദേഹം അതിപ്രഗത്ഭനായ ഒരു വെസ്റ്റേൺ മ്യൂസിക് ടീച്ചറായിരുന്നു. നന്നായി വയലിനും ഗിറ്റാറും കീബോർഡും പഠിപ്പിക്കും. സയനോരയുൾപ്പെടെ അദ്ദേഹത്തിന്റെ മക്കളെല്ലാം പാട്ടുകൾ ചിട്ടയോടെ പഠിക്കുക യും പാടുകയും ചെയ്തിരുന്നു. ഒരർഥത്തിൽ അവരുടേത് ഒരു മ്യൂസിക് കുടുംബമാണ് എന്നും പറയാം. അവർക്കെല്ലാം തന്നെ ഒരുവിധപ്പെട്ട മ്യൂസിക് ഇൻസ്ട്രുമെന്റ്‌സൊക്കെ നന്നായി വായിക്കാനും അറിയാം. അവർക്കന്ന് കണ്ണൂരിൽ രാഗം എന്ന പേരിൽ ഒരു മ്യൂസിക് ഇൻസ്റ്റിറ്റിയൂട്ടും ഉണ്ടായിരുന്നു. സയനോര പടിഞ്ഞാറൻ സംഗീതത്തിന്റെ വലിയ വാഗ്ദാനമായി മാറുന്നതിൽ അച്ഛൻ ഫിലിപ്പ് ഫെർണാണ്ടേഴ്‌സിനുള്ള പങ്ക് വളരെ വലുതാണ്. 
ഡിൻചിക് നേഷൻ എന്ന സയനോരയുടെ സ്വന്തം മ്യൂസിക് ബാന്റ് മാതൃഭൂമിയുടെ കപ്പ ടി.വിയിലെ മ്യൂസിക് മോജോയോട് അനുബന്ധിച്ച് ഒരു വർഷം മുമ്പ് രൂപം കൊണ്ടതാണ്. സയനോര ഫിലിപ്പ്, വർക്കി, അജയ്, ഋതു വൈശാഖ്, സിന്നി എന്നവരാണ് ബാന്റിലുള്ളത്. കൂടുതലായി ഓൾഡ് റീമിക്‌സുകളാണ് ഇവർ ചെയ്യുന്നത്. ഹിന്ദിയും മലയാളവും അതിലുൾപ്പെടും. ഒപ്പം ബേങ്കീ..ബേങ്കീ പോലെ കുറച്ച് ഒറിജിനൽ ഗാനങ്ങളും അവരുടേതായി പുറത്തു വരുന്നുണ്ട്. കൂടാതെ നിരവധി ആൽബങ്ങളിലും സയനോര പാടുകയുണ്ടായി. ഉയിരേ, ബുലാദിയ തുടങ്ങിയ ആൽബങ്ങൾ വളരെ പ്രസിദ്ധങ്ങളാണ്. ഉയിരേയിലെ ഗാനം എഴുതിയതും അതിന് സംഗീതം നൽകിയതും അവർ തന്നെ.
2004 ൽ, കമലിന്റെ മഞ്ഞു പോലൊരു പെൺകുട്ടിയിലൂടെ ആയിരുന്നു സയനോര ഫിലിപ്പ് സിനിമയിൽ പാട്ടിന് തുടക്കമിട്ടത്. അൽഫോൺസ് ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. അതിൽ ഏമൈ ഡ്രീമിംഗ് എന്ന മുഴുനീള ഇംഗ്ലീഷ് ടൈറ്റിൽ സോങായിരുന്നു പാടിയത്. സത്യത്തിൽ അതാണ് സയനോര ഒരു വെസ്റ്റേൺ പാട്ടുകാരിയാണെന്ന ഇമേജ് ഉറപ്പിച്ചത്. പിന്നീട് അവരെ തേടിയെത്തിയതിൽ ഏറെയും അത്തരം പാട്ടുകൾ തന്നെ യായിരുന്നു. മലയാളവും തമിഴും തെലുഗും കന്നഡയും ഹിന്ദിയും ഉൾപ്പെടെ 50 ലേറെ സിനിമകളിൽ പാടി. അവയെല്ലാം കൂടി ഇപ്പോൾ നൂറ്റമ്പതിലേറെ പാട്ടുകൾ ആയിട്ടുണ്ട്. 


അങ്ങനെ പാട്ടുകാരി എന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് തികച്ചും യാദൃഛികമായി കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലുടെ സയനോര സംഗീത സംവിധായികയായി മാറുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ അധികം കടന്നു വരാത്ത ആ മേഖലയിലും അവർ ശക്തമായി തന്നെ ചുവടുറപ്പിച്ചു. ജോൺ എന്ന ഒരു സുഹൃത്ത് വഴിയാണ് സയനോര ആ ചിത്രത്തിന്റെ സംവിധായകനായ ജീൻ മാർകോസിനെ പരിചയപ്പെടുന്നതും സംഗീത സംവിധാന ചുമതല ഏറ്റെടുക്കുന്നതും. സത്യത്തിൽ ആദ്യം അവർക്കതിന് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. ഗായിക എന്ന നിലയിൽ വളരെയധികം പ്രശസ്തിയിൽ നിൽക്കുമ്പോൾ അതിൽ നിന്നും മാറുന്നതിലുള്ള മടി തന്നെയായിരുന്നു പ്രധാന കാരണം. 
പക്ഷേ, ആ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ ജീൻ, സയനോരയിൽ അർപ്പിച്ച വിശ്വാസം അവർ നിറവേറ്റുക തന്നെ ചെയ്തു. ചിത്രത്തിലെ  മൂന്നു പാട്ടുകളും ശ്രദ്ധേയങ്ങളായി. നാടൊട്ടുക്ക് പാറിനടന്ന്..എന്ന ഗാനം ജോബ് കുര്യനും പ്രാർഥനാ ഇന്ദ്രജിത്തും (നടൻ ഇന്ദ്രജിത്തിന്റെ മകൾ) ചേർന്നാണ് പാടിയത്. ചിത്രത്തിലെ ചക്കപ്പാട്ട് വളരെ പോപ്പുലറായി. തോറ്റംപാട്ട് രീതിയിൽ ഒരുക്കിയ ആ പാട്ട് ശരിക്കും തനിക്കൊരു വെല്ലുവിളിയായിരുന്നു എന്നവർ പറഞ്ഞു. 
അതിലെ ശിവനേ എന്റെ ശിവനേ എന്ന മറ്റൊരു പാട്ട് പാടിയത് സുരാജ് വെഞ്ഞാറംമൂടായിരുന്നു. പാട്ടെഴുതിയത് സയനോരയാണ്. കോമഡി ജെനുസിലുള്ള ഒരു പാട്ടായതുകൊണ്ട് സുരാജിനെക്കൊണ്ട് പാടിക്കുകയായിരുന്നു. അതിന് പിന്നിൽ സംവിധായകൻ ജീനിന്റെ പ്രേരണയുമുണ്ട്. ആ പാട്ട് തന്നെക്കൊണ്ടാണ് പാടിക്കുന്നത് എന്നറിഞ്ഞപ്പോൾ ആദ്യം സൂരജ് ഒന്ന് ഞെട്ടിയത്രേ. സയനോര സർവ ധൈര്യവും പകർന്ന് കൂടെ നിന്നപ്പോൾ അദ്ദേഹം പാടാൻ തയാറായി. അങ്ങേയറ്റം ക്ഷമയോടും ആത്മാർഥതയോടുമാണ് സുരാജ് ആ പാട്ടിൽ സഹകരിച്ചത്. വളരെ പാഷനേറ്റായ ഒരു മ്യൂസിക് ലവർ എന്നാണ് അദ്ദേഹത്തെ സയനോര വിലയിരുത്തുന്നത്. 
15 വർഷമായി ഗായിക എന്ന നിലയിൽ സംഗീത രംഗത്ത് അജയ്യയായി  നിൽക്കുന്ന ഒരാളാണ് സയനോര ഫിലിപ്പ്. പക്ഷേ, ഇപ്പോൾ അവർക്ക് തോന്നുന്നത് മ്യൂസിക് കമ്പോസർ ആകുന്നതാണ് കൂടുതൽ സൗകര്യം എന്നാണ്. അതിലൂടെ തനിക്ക് സംഗീത ജീവിതത്തെ വേറൊരു കണ്ണിലൂടെ കാണാ നും തന്റെ ടാലന്റിനെ കുറേക്കൂടി ക്രിയാത്മകമായ രീതിയിൽ വളർത്താനും കഴിയുന്നു എന്നാണവരുടെ അഭിപ്രായം. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ പാട്ടുകൾ നല്ലതായതു കൊണ്ടാവാം ഉടനെ തന്നെ സൗമ്യ സദാനന്ദൻ എന്ന സംവിധായികയുടെ മംഗല്യം തന്തു നാനേനയിൽ മ്യൂസിക് കമ്പോസിംഗിന് അവർക്കൊരു അവസരം കിട്ടി. 
സയനോര സംഗീതം ചിട്ടപ്പെടുത്തിയ മൂന്നാമത്തെ സിനിമ ആഹായുടെ ടീസർ പുറത്തിറങ്ങിക്കഴിഞ്ഞു. നാല് പാട്ടുകളുണ്ടതിൽ. അതിൽ ഒരു പാട്ട് എഴുതിയതും അവരാണ്. ഇന്ദ്രജിത്തിനെ നായകനാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ആ പടത്തിൽ തനിക്ക് നല്ല പ്രതീക്ഷയുള്ളതായി സയനോര പറഞ്ഞു.
(പി.വി ശ്രീജിത്തിന്റെ റിപ്പോർട്ടോടെ)

 

Latest News