കുവൈത്ത് സിറ്റി- പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്ന പതിമൂവായിരത്തോളം ഇന്ത്യക്കാര്‍ തങ്ങളുടെ യാത്ര എന്നാണെന്ന കാര്യത്തില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു. ഫിലിപ്പൈന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോയി. യാത്രാ ചെലവെല്ലാം കുവൈത്താണ് വഹിക്കുന്നതെന്നതിനാല്‍ വിമാനം പറക്കാനുള്ള അനുമതി മാത്രം മതി ഇന്ത്യക്കാര്‍ക്ക്.
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ കുവൈത്ത് സര്‍ക്കാര്‍ ചെലവില്‍ താമസവും ഭക്ഷണവും നല്‍കി നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് വിമാന സര്‍വീസിനുള്ള അനുമതി ലഭിക്കുന്നതോടെ സൗജന്യമായി കുവൈത്ത് എയര്‍ വെയ്‌സ്, ജസീറ വിമാനങ്ങളില്‍ നാട്ടില്‍ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.
പോലീസ് പിടിയിലായി നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 300 ലധികം പേരെ കുവൈത്ത് എയര്‍ വേസിന്റെ രണ്ടു വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം കൊറോണ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റ അനുമതി ലഭിക്കാതെ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്നതോടെ നാട്ടില്‍ പോകാമെന്ന് കരുതിയിരുന്നവരാണ് ഇനിയെന്നാവും യാത്രയെന്ന ആശങ്കയോടെ കഴിയുന്നത്.