തൃശൂർ- വർണവും നാദവും സമന്വയിച്ച് 36 മണിക്കൂർ നീളുന്ന തൃശൂർ പൂരം ലക്ഷോപലക്ഷം പൂരപ്രേമികളിൽ നൊമ്പരങ്ങൾക്കും നഷ്ടബോധങ്ങൾക്കും മീതെ നിശബ്ദമായി ഓർമകളായി പെയ്തിറങ്ങുകയായിരുന്നു. കോവിഡ് ഭീതിയും ലോക്ഡൗണുമെല്ലാം കാരണം തൃശൂർ പൂരം ഇത്തവണ ഉപേക്ഷിച്ചപ്പോൾ ആളും ആരവങ്ങളും ആനക്കൂട്ടങ്ങളും ആർപ്പുവിളികളും ഒഴിഞ്ഞ തൃശൂർ നഗരവും തേക്കിൻകാടും വടക്കുന്നാഥ ക്ഷേത്രവുമെല്ലാം ഇടം പിടിച്ചത് ചരിത്രത്താളുകളിലേക്കാണ്. ഒരാനയെ വെച്ചുള്ള ചടങ്ങുകൾ പോലും നടത്താൻ കഴിയാതെ മേടമാസത്തിലെ പൂരപ്പൂക്കൾ വാടിവീഴുന്നത് തൃശൂർക്കാർ ഹൃദയവേദനയോടെ കണ്ടു നിന്നു. ഘടകപൂരങ്ങളൊന്നുപോലും പൂരദിനമായ ഇന്നലെ തേക്കിൻകാട്ടിൽ പൂരത്തിരമാലകൾ തീർത്തില്ല. ആരുമാരും വടക്കുന്നാഥനെ വണങ്ങാനെത്തിയില്ല. പൂരത്തലേന്ന് പൂരവിളംബം നടത്തി തെക്കേഗോപുരനട തള്ളിത്തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എത്തിയിരുന്നില്ല. പൂരവിളംബരമില്ലാതെ തൃശൂർ പൂരമില്ലല്ലോ...
പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും പൂരാഘോഷങ്ങളെല്ലാം ഒഴിവാക്കി താന്ത്രിക ചടങ്ങുകൾ മാത്രമായിരുന്നു നടത്തിയത്.
ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വടക്കേടത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. രാത്രിയിൽ ദീപാരാധനയും അത്താഴപൂജയും നടന്നു. ഇന്ന് വൈകീട്ട് അഞ്ചിനാണ് ഭഗവതിയുടെ ആറാട്ട്, ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളി ക്ഷേത്ര കൊടിമരത്തിലെ കൊടിയിറക്കും. തുടർന്ന് 25 കലശവും ശ്രീഭൂതബലിയും നടക്കും. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളുടെ പരിസരത്ത് പോലീസിനെ വിന്യസിച്ചിരുന്നു. പൂരമില്ലെങ്കിലും പൂരപ്രേമികൾ പൂരമില്ലാത്ത തൃശൂർ നഗരത്തിലും ക്ഷേത്രങ്ങളിലും വരുന്നത് നിയന്ത്രിക്കാനായിരുന്നു ഇത്.