കൊറോണ വൈറസ് മഹാമാരി വർഗീയ ശക്തികളുടെ കൈയിൽ ന്യൂനപക്ഷ പീഡനത്തിനുള്ള ആയുധമായി മാറുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന വാർത്തകൾ അത്തരം ന്യൂനപക്ഷ പീഡനത്തിന്റെ കഥകളാണ്.
രാജസ്ഥാനിലും ജാർഖണ്ഡിലും മുസ്‌ലിം ആയതിന്റെ പേരിൽ ഗർഭിണികളായ രണ്ട് യുവതികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെടുകയും നവജാത ശിശുക്കൾ മരിക്കാൻ ഇടയാവുകയും ചെയ്തു. രാഷ്ട്ര തലസ്ഥാനമടക്കം പല നഗരങ്ങളിലും മുസ്‌ലിം കച്ചവടക്കാരെ പല കോളനികളിലും പ്രവേശിക്കുന്നത് തടയുന്നു. ദൽഹി നഗരപ്രാന്തത്തിൽ ഒരു മുസ്‌ലിം യുവാവിനെ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ചു.
അതേ കാരണത്താൽ ഹിമാചലിൽ ഒരു യുവാവ് സാമൂഹ്യ ബഹിഷ്‌കരണത്തിന് ഇരയാവുകയും മനംനൊന്ത് ആത്മഹത്യ ചെയ്യുകയുമുണ്ടായി. പഞ്ചാബിലും ഹിമാചലിലും ഗുജ്ജർ മുസ്‌ലിം കുടുംബങ്ങൾക്ക് തങ്ങളുടെ ഏക വരുമാന മാർഗമായ പാൽ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയെപ്പറ്റി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് വളർന്നുവന്ന, ബോധപൂർവം വളർത്തിക്കൊണ്ടുവന്ന, മുസ്‌ലിം വിരോധം മഹാമാരിയുടെ കാലത്ത് കൊറോണ വൈറസിനേക്കാൾ വേഗത്തിൽ പടർന്നുപിടിക്കുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 'കോവിഡ്19 നു വംശ, വർണ, ജാതി, മത, ഭാഷാ അതിർത്തി വ്യത്യാസങ്ങളില്ല. ഈ വിപത്തിനെതിരെ ഐക്യത്തിനും സാഹോദര്യത്തിനുമാണ് നാം പ്രാമുഖ്യം കൽപിക്കേണ്ടത്. ഇക്കാര്യത്തിൽ നാം ഒറ്റക്കെട്ടാണ്' എന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി. പക്ഷേ പ്രധാനമന്ത്രിയുടെ ആഹ്വാനം ചെവിക്കൊള്ളാൻ അദ്ദേഹത്തിന്റെ അനുയായികൾ തയാറല്ലെന്നാണ് സംഭവ വികാസങ്ങൾ കാണിച്ചുതരുന്നത്. തന്റെ ആഹ്വാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന അനുയായികളെ നിലയ്ക്കു നിർത്താനോ അവരുടെ വാക്കുകളെയും ചെയ്തികളെയും അപലപിക്കാനോ അദ്ദേഹം തയാറായതായും കാണുന്നില്ല. അത് പ്രധാനമന്ത്രിയുടെ വാക്കുകളുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നു.
വടക്കുകിഴക്കൻ ദൽഹിയിൽ സംഹാര താണ്ഡവം നടത്തിയ വർഗീയ കലാപത്തിന്റെ ഞെട്ടിക്കുന്ന നേർക്കാഴ്ചകൾ പുറത്തു കൊണ്ടുവന്ന രണ്ട് പ്രമുഖ ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ച 'ഭരണകൂട ജാഗ്രത'ക്ക് നാം സാക്ഷ്യം വഹിക്കുകയുണ്ടായി. എന്നാൽ കൊറോണ വൈറസ് ബാധക്ക് ഉത്തരവാദികൾ മുസ്‌ലിംകളാണെന്ന് നിരന്തരം കുപ്രചാരണത്തിലേർപ്പെട്ടിരിക്കുന്ന സ്തുതിപാഠക ചാനലുകളും മാധ്യമങ്ങളും വിദ്വേഷ പ്രചാരണം നിർബാധം തുടരുന്നു. ഉന്നത ബി.ജെ.പി നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിൽ വ്യാപൃതരായിരിക്കുന്നു. ബ.ിജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ, കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്തലജെ, ഹിമാചൽ ബി.ജെ.പി അധ്യക്ഷൻ രാജീവ് ബിൻഡൽ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെല്ലാം സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിന്റെ മുൻനിരയിലാണ്. അതിനെല്ലാം ഉപരിയാണ് കേന്ദ്ര സർക്കാർ കോവിഡ്19 സംബന്ധിച്ച ദൈനംദിന വിശദീകരണത്തിൽ തബ്‌ലീഗിനെ പ്രത്യേക വിഭാഗമായി വിലയിരുത്തുന്നതിന്റെ സാംഗത്യം. രോഗബാധ സംസ്ഥാന അടിസ്ഥാനത്തിൽ വിശദീകരിക്കുമ്പോൾ 'തബ്‌ലീഗ്' പ്രത്യേകമായി പരാമർശിക്കുന്നതിന്റെ 'ഉദ്ദേശ്യശുദ്ധി' വ്യക്തമാണ്.
കൊറോണാ വൈറസ് ബാധയുടെയും വ്യാപനത്തിന്റെയും സമ്പൂർണ ഉത്തരവാദിത്തം ഒരു മതവിഭാഗത്തിന്റെ മേൽ കെട്ടിയേൽപിക്കുന്നത് പ്രധാനമന്ത്രി തന്റെ ട്വീറ്റിൽ പറഞ്ഞ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നിഷേധമാണ്. അത് നിരവധി കോണുകളിൽ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും തിരുത്താൻ തയാറാവുന്നില്ലെന്നത് മഹാമാരിയേക്കാൾ വിനാശകരമായ വർഗീയ വൈറസിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ വർഗീയ വിഷം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ പണിയെടുക്കുന്ന അറേബ്യൻ ഗൾഫ് നാടുകളിൽ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നുവെന്നത് അവഗണിക്കാവുന്നതല്ല.
മഹാമാരികളുടെ ചരിത്രത്തിൽ നിസ്സഹായരായ ന്യൂനപക്ഷങ്ങളെ ബലിയാടാക്കാനും അവരുടെ ഉന്മൂലനത്തിനു പോലും ശ്രമങ്ങൾ നടന്നിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ 'കറുത്ത മൃത്യു' എന്നറിയപ്പെട്ട പ്ലേഗ് ബാധയുടെ പശ്ചാത്തലത്തിൽ യൂറോപ്പിലെ ജൂതസമൂഹം വിദ്വേഷത്തിനും കൂട്ടക്കൊലകൾക്കും ഇരയായത് ചരിത്രത്തിന്റെ ഭാഗമാണ്. പ്ലേഗിന്റെ കാര്യകാരണങ്ങളെപ്പറ്റി മനുഷ്യന് ശാസ്ത്രീയ അറിവ് യാതൊന്നും ഇല്ലാതിരുന്ന കാലത്താണ് ആയിരക്കണക്കിന് ജൂതന്മാർ വംശീയ ഉന്മൂലനത്തിന് ഇരകളായത്. അന്ന് അജ്ഞതയാണ് ആ കൂട്ടക്കൊലകൾക്ക് കാരണമായതെങ്കിൽ ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ ഇക്കാലത്ത് വർഗീയ വിദ്വേഷത്തിന് യാതൊരു സ്ഥാനവുമില്ല. ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യ സമൂഹത്തിന് വിദ്വേഷ രാഷ്ട്രീയം ഭൂഷണമല്ല.
അതിന് വിരാമമിടാൻ മോഡി ഭരണകൂടം തയാറാവണം.