മലപ്പുറം- കോവിഡ് 19 മൂലമുണ്ടായ ലോക്ഡൗണില്‍ കുടുങ്ങി നാട്ടിലേക്കു മടങ്ങാനാകാതെ കഷ്ടത്തിലായിരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബീഹാറി അതിഥി തൊഴിലാളികള്‍ ധാനപൂരിലേക്കു യാത്ര തിരിച്ചു.
ഒന്നര മാസത്തോളമായി മലപ്പുറം ജില്ലയിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങി കിടന്ന 1200 ഓളം ബിഹാറികളാണ് ഇന്നലെ വൈകീട്ട് ഏഴു മണിയോടെ തിരൂരില്‍നിന്നുള്ള പ്രത്യേക തീവണ്ടി മാര്‍ഗം നാട്ടിലേക്ക് മടങ്ങിയത്. തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചത്. ആരോഗ്യ ജാഗ്രത പാലിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയായായിരുന്നു ആദ്യ സംഘത്തെ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവന്നത്. പ്രത്യേക തീവണ്ടിയിലും സാമൂഹ്യ അകലം ഉറപ്പാക്കിയാണ് യാത്ര.
മലപ്പുറം ജില്ലയില്‍ നിന്നു മറ്റു സംസ്ഥാനത്തേക്കുള്ള ആദ്യഘട്ട യാത്രയാണ് തിരൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടത്. അതിഥി തൊഴിലാളികളെ കൊണ്ടുപോകാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.