റിയാദ്- ജുമുഅ, ജമാഅത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം നീക്കണമെങ്കില്‍ പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായാണ് പള്ളികള്‍ അടച്ചതും വീടുകളില്‍ നിസ്‌കരിക്കാന്‍ നിര്‍ദേശിച്ചതും. നിസ്‌കരിക്കാനെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ ഉറപ്പാക്കിയ ശേഷം പള്ളികള്‍ നിസ്‌കാരത്തിനായി തുറക്കും. ഉന്നതഭരണ നേതൃത്വത്തിന്റെയും പണ്ഡിത സഭയുടെയും തീരുമാനമതാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ രാപകല്‍ ഭേദമന്യേ കാര്യങ്ങള്‍ നിരന്തരമായി വിലയിരുത്തുന്നുണ്ട്. പള്ളികളില്‍ ജുമുഅ, ജമാഅത്ത് ഉടന്‍ തുടങ്ങുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.