കണ്ണൂർ- പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്യുന്ന ഓൺലൈൻ മാധ്യമപ്രവർത്തകന്റെ പയ്യന്നൂർ ബന്ധത്തെക്കുറിച്ച് അന്വേഷണം. പയ്യന്നൂർ വെള്ളൂർ ബാങ്ക് സ്‌റ്റോപിനടുത്തെ അഭിലാഷ് പാടാച്ചേരി (31) യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് പ്രാഥമികാന്വേഷണം നടന്നത്.
പയ്യന്നൂരിലെ പല സമരങ്ങളിലും സജീവമായി പങ്കെടുത്തിരുന്നയാളാണ് ഇയാളെന്നാണ് വിവരം. അഭിലാഷും വയനാട് സ്വദേശി വിജീഷും ചേർന്നാണ് അലനേയും താഹയേയും മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്തിയതെന്നാണ് എൻ.ഐ.എ സംഘം അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരുടെ താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ എട്ട് മൊബൈൽ ഫോണുകളും ഏഴ് മെമ്മറി കാർഡുകളും ഒരു ലാപ് ടോപ്പും കണ്ടെത്തിയിരുന്നു. ഇവ പരിശോധിച്ചപ്പോൾ മാവോയിസ്റ്റ് ബന്ധം വ്യക്തമായെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. പയ്യന്നൂരിൽ നേരത്തെ നക്‌സൽ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർ സംഘടിപ്പിക്കുന്ന പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന അഭിലാഷ്, പരിസ്ഥിതി, ദേശീയപാതാ സ്ഥലമെടുപ്പ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഏതാനും മാസം മുമ്പ്, അഭിലാഷ് വടകര സ്വദേശിനിയായ ഒരു വിദ്യാർഥിനിയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. ഈ വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ പയ്യന്നുർ റജിസ്റ്റർ ഓഫീസിലെത്തി വിവാഹം തടയാൻ ശ്രമിച്ചത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് പോലീസെത്തിയാണ് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. അന്ന് യുവാവ് സ്ഥലത്തു നിന്നും മാറി നിൽക്കുകയായിരുന്നു. അതേസമയം, തന്നെ കൃത്രിമ രേഖകളുണ്ടാക്കി കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് അഭിലാഷിന്റെ നിലപാട്.