Sorry, you need to enable JavaScript to visit this website.

കോവിഡ് ഡ്യുട്ടിക്ക് അധ്യാപകരും, ഹെല്‍പ് ഡെസ്‌കുകളില്‍ പ്രവര്‍ത്തിക്കണം

കാസര്‍കോട് - കോവിഡ് ഡ്യുട്ടിക്ക് അധ്യാപകരെയും രംഗത്തിറക്കുന്നു. അധ്യാപകരെ തയാറാക്കി നിര്‍ത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോടും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരോടും ആവശ്യപ്പെട്ടു.
ഏത് നിമിഷവും ഡ്യൂട്ടിക്ക് ഹാജരാകുന്ന വിധത്തില്‍ 900 അധ്യാപകരുടെ പട്ടിക തയാറാക്കാനാണ് ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി. സജിത് ബാബു കാസര്‍കോട് ഡി.ഡി.ഇക്ക് ഉത്തരവ് നല്‍കിയത്. മറ്റ് ജില്ലകളിലെ കലക്ടര്‍മാരും സമാന ഉത്തരവിറക്കി. അധ്യാപകരുടെ ഫോണും ഇ മെയിലും അടക്കമുള്ള വിവരങ്ങള്‍ കൈമാറാന്‍ പ്രിന്‍സിപ്പല്‍മാരോട് നിര്‍ദേശിച്ചിരിക്കുകയാണ്.
ഒന്നര മാസത്തിലധികമായി വെറുതെ വീട്ടില്‍ ഇരിക്കുന്ന അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിച്ചിരുന്നില്ല. ആരോഗ്യവകുപ്പിനും പോലീസിനും ഒപ്പം അധ്യാപക സമൂഹത്തെയും കൂട്ടിയോജിപ്പിക്കണം എന്ന് അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് പച്ചക്കൊടി കാണിച്ചിരുന്നില്ല.
പൂട്ടിക്കിടക്കുന്ന സ്‌കൂളുകളില്‍ ഹാജരാകണമെന്ന് മാത്രമാണ് തുടക്കത്തില്‍ അധ്യാപകരോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് അതും നിര്‍ത്തി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞു. ഇനിയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരെയും ഉള്‍പ്പെടുത്താം എന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അധ്യാപകര്‍ സാലറി ചലഞ്ചിനെ എതിര്‍ത്തതും ഉത്തരവ് കത്തിച്ചതും ഇനിയങ്ങനെ വീട്ടിലിരുന്ന് ശമ്പളം വാങ്ങേണ്ട എന്ന മനോഭാവം സര്‍ക്കാരിന് ഉണ്ടാക്കി എന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അതാണ് പെട്ടെന്ന് ഇവരെ കോവിഡ് പ്രവര്‍ത്തനത്തിലേക്ക് ഇറക്കാന്‍ കാരണമത്രെ.

കലക്ടറുടെ ഉത്തരവനുസരിച്ച് താല്‍പര്യമുള്ള അധ്യാപകര്‍ വെള്ളിയാഴ്ച തന്നെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. മെയ് ഒന്നിനുള്ളില്‍ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

 

Latest News