മക്ക - ബത്ഹാ ഖുറൈശില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു. ഇരുപതു മുതല്‍ മുപ്പതു വരെ വയസ് പ്രായമുള്ള ആറു സ്വദേശി യുവാക്കളാണ് പിടിയിലായത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ഇവര്‍ ഏറ്റുമുട്ടിയത്. കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറുന്നതിനു മുന്നോടിയായി പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മക്ക പോലീസ് വക്താവ് അറിയിച്ചു.
പിക്കപ്പിലും ഫോര്‍വീല്‍ ജിപ്പിലും ലാന്റ്‌റോവര്‍ ജീപ്പിലും സംഘര്‍ഷ സ്ഥലത്തെത്തിയ യുവാക്കള്‍ പരസ്പരം കല്ലേറ് നടത്തുകയും അടിപിടിയിലേര്‍പ്പെടുകയുമായിരുന്നു. ഇതിനിടെ പുതിയ മോഡല്‍ ലാന്റ്‌റോവര്‍ ജീപ്പിന്റെ മുന്‍വശത്തും പിന്‍വശത്തും മറ്റു രണ്ടു കാറുകള്‍ ഉപയോഗിച്ച് കരുതിക്കൂട്ടി കൂട്ടിയിടിക്കുകയും ചെയ്തു. ഇതിനു ശേഷം പിക്കപ്പ് ഡ്രൈവറും ഫോല്‍വീല്‍ ജീപ്പ് ഡ്രൈവറും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
ലാന്റ്‌റോവര്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ നിലനിന്ന മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഒരാള്‍ക്ക് ക്രൂരമായ മര്‍ദനമേറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ യുവാവ് തന്റെ മറ്റു ബന്ധുക്കളുടെ സഹായം തേടി. ഇവര്‍ സ്ഥലത്തെത്തിയ ശേഷമാണ് കല്ലേറും ഏറ്റുമുട്ടലും സംഘര്‍ഷവും ഉടലെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.