കോഴിക്കോട് - പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ നിർണായക വെളിപ്പെടുത്തലുമായ ദേശീയ അന്വേഷണ സംഘം. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ മാവോയിസ്റ്റിൽ ചേർത്തത് ഇന്നലെ പിടിയിലായവരാണെന്നാണ് വെളിപ്പെടുത്തൽ. ഇന്നലെ കോഴിക്കോട് റെയ്ഡ് നടത്തിയ എൻ.ഐ.എ സംഘം മൂന്നു പേരെ പിടികൂടിയിരുന്നു. വയനാട് സ്വദേശി ബിജിത്ത്, എൽദോ, ഓൺലൈൻ മാധ്യമപ്രവർത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയാണ് സംഘം കസ്റ്റഡിയിലെടുത്തത്. അലൻ താഹ അടക്കമുള്ളവരെ മാവോയിസ്റ്റ് സംഘടനയിലേക്കെത്തിച്ചത് ഇവരാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മൂവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇതിൽ അഭിലാഷ് പടച്ചേരിയടക്കമുള്ളവരെ രാത്രി ഒൻപതരയോടെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടതുണ്ട്.'
അഭിലാഷിനെ കോഴിക്കോട് നഗരത്തിൽ വെച്ചും ബിജിത്ത്, എൽദോ എന്നിവരെ മാവൂരിലെ വീട്ടിൽ വെച്ചുമാണ് കസ്റ്റഡിയിലെടുത്തത്.
അതിനിടെ എൻ ഐ എ സംഘം കോഴിക്കോട് തന്നെ തങ്ങുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലും അറസ്റ്റ് വരെ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നറിയുന്നു. വിജിത്തും അഭിലാഷുമാണ് പ്രധാന കണ്ണികളെന്നാണ് എൻ.ഐ.എ കരുതുന്നത്.