അബുദാബി- മൂലകോശ (സ്‌റ്റെംസെൽ) ചികിത്സ വികസിപ്പിച്ച് കോവിഡ് ചികിത്സയിൽ നിർണായക നേട്ടം കൈവരിച്ച സ്വന്തം രാജ്യത്തെ ഗവേഷകരെ അഭിനന്ദിച്ച് യു.എ.ഇ ഭരണാധികാരികൾ. അബുദാബി സ്‌റ്റെംസെൽ സെന്ററിലെ ഗവേഷകരാണ് മൂലകോശ ചികിത്സ വികസിപ്പിച്ചത്. കോവിഡ് രോഗിയുടെ രക്തത്തിൽനിന്ന് മൂലകോശം വേർതിരിച്ച് അതിൽ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തിൽ തന്നെ പ്രയോഗിക്കുന്ന രീതിയാണു വികസിപ്പിച്ചിരിക്കുന്നത്.ഗവേഷകരോടു നന്ദി പറയുന്നുവെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യു.എ.ഇയിലെ ജനങ്ങളുടെ പേരിൽ ഗവേഷകരോട് നന്ദി പറയുന്നുവെന്നുവെന്നും കോവിഡ് പ്രതിരോധത്തിനായി ആഗോളതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഇതു സഹായിക്കുമെന്നും ഭരണാധികാരികൾ അറിയിച്ചു.
The Emirates is proud to announce a medical breakthrough where through local stem cell research and plasma reinjected into sick patients, we have received positive feedback. A patent has been done and I hope we can help the rest of the world be cured of the #Corona nightmare #UAE pic.twitter.com/6XmyLlw5aC
— Princess Hend Al Qassimi (@LadyVelvet_HFQ) May 1, 2020
യു.എ.ഇയിൽ 73 രോഗികൾക്കു മൂലകോശ ചികിത്സ വിജയകരമായി നടത്തിയതായി ഡോക്ടർമാർ അറിയിച്ചു. ഈ ചികിത്സയിലൂടെ രോഗിയുടെ ശ്വാസകോശ സെല്ലുകൾ പുനരുജ്ജീവിപ്പിച്ച്, പ്രതിരോധ പ്രതികരണം ക്രമീകരിക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിച്ച് ആരോഗ്യകരമായ കോശങ്ങൾക്കു കൂടി കൂടുതൽ അപകടം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ക്ലിനിക്കൽ ട്രയലിൽ രോഗികൾക്കു യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. പരമ്പരാഗത ചികിത്സകൾക്കൊപ്പമാണ് രോഗികൾക്ക് മൂലകോശ ചികിത്സ കൂടി പരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് പൂർണ വിവരങ്ങൾ പുറത്തുവരുമെന്നും ഗവേഷകർ വ്യക്തമാക്കി.