തിരുവനന്തപുരം- അതിഥി തൊഴിലാളികൾക്ക് യാത്രാസൗകര്യം അനുവദിച്ച പശ്ചാത്തലത്തിൽ തൊഴിലാളി ക്യാമ്പുകളിലും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസ് നിതാന്ത ജാഗ്രത പുലർത്തി വരികയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്നലെ വൈകിട്ട് ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് തിരിച്ച ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും ഒഡീഷയിലെ പിന്നോക്ക ജില്ലകളിൽ നിന്നുളളവരാണ്. ജില്ല തിരിച്ചുളള ഏകദേശ കണക്ക് താഴെ വിവരിക്കുന്നു. കണ്ടഹാമൽ (359 പേർ), കേന്ദ്രപാറ (274), ഗഞ്ചാം(130), ഭദ്രക്(92), കിയോഞ്ജിർഹാർ(87), ജാജ്പുർ(40), ബാലസോർ(20), റായഗഡ(18), പുരി(17), കട്ടക്(16), നായ്ഗഢ്(10), ജഗത്സിംഗ്പുർ(8), ബൗദ്ധ്(6), ഖോർധ(5), മയൂർഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പുർ(3), രംഗനാൽ(2).
അതിഥി തൊഴിലാളികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസിന്റെയും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റേയും നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ യാത്ര ചെയ്യുന്ന തൊഴിലാളികളിൽ ചിലർ സംസ്ഥാന പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോടും പോലീസിനോടുമുളള തങ്ങളുടെ കൃതജ്ഞത അറിയിച്ചു. ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിയ ശ്രമത്തെ അവർ അഭിനന്ദിച്ചു.